കൊൽക്കത്ത: 14 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി. രസഗുളയും ശീതള പാനീയവും വേണമെന്ന കുട്ടിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുത്ത ശേഷമായിരുന്നു കൊലപാതകമെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. ഗെയിം കളിക്കാൻ കമ്പ്യൂട്ടർ വാങ്ങുന്നതിന് വേണ്ടി പണം കണ്ടെത്താനായിരുന്നു പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ട് പോയി വിധവയായ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പണം നൽകാൻ അവർക്ക് സാധിക്കാതെ വന്നതോടെ പ്രതികൾ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് പ്രതികൾ ഓഗസ്റ്റ് 25ന് അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം സാധനങ്ങൾ വാങ്ങാൻ സമീപത്തെ കടയിലേക്ക് പോയ കുട്ടി പിന്നീട് മടങ്ങി വന്നില്ല. കുട്ടിയെ വേണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണം എന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ അമ്മയ്ക്ക് ഫോൺ കോൾ ലഭിച്ചു. ഭയന്നു പോയ അവർ ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ, ഹിജൂലിയിലെ ഒരു കുളത്തിൽ ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് പിടിയിലായ മൂവരും. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചതാണ്. വീട്ടുവേല ചെയ്താണ് അമ്മ കുട്ടിയെ പഠിപ്പിച്ചിരുന്നത്. സ്വന്തമായി വീടില്ലാത്ത ഇരുവരും ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. തങ്ങൾ ഉദ്ദേശിച്ച പണം നൽകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കില്ലെന്ന് ബോദ്ധ്യമായതോടെ, അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് പ്രതികൾ കൊല നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.