ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനം. റികട്ർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പെഷവാർ, ബജൗർ, സ്വാത്, മാലകണ്ഡ്, മർദാൻ, ലോവർ ദിർ, ബട്ടാഗ്രാം എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷിൽ 184 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കലിമ തയ്യിബ ചൊല്ലിക്കൊണ്ട് ആളുകൾ വീടുകളിൽ നിന്നും കെട്ടിടങ്ങൾക്കുള്ളിൽ നിന്നും പുറത്തേക്ക് പാഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാശനഷ്ടങ്ങളെ കുറിച്ചോ ആളപായത്തെ കുറിച്ചോ റിപ്പോർട്ട് ഇല്ല. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ 4,5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും ചലനമുണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 13ന് അഫ്ഗാനിസ്ഥാനിലെ ഫായിസാബാദ് നഗരത്തിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയിൽ പാകിസ്താനിലെ ഇസ്ലാമാബാദിലും റാവൽപ്പിണ്ടിയിലും ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 6.3 ആയിരുന്നു.