അവതരണം മുതൽ തന്നെ ആധാർ കാർഡിന്റെ സുരക്ഷ പ്രധാന ചർച്ചാ വിഷയമാണ്. ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ സ്കീമുകൾ, പാൻ കാർഡ് എന്നിവയുമായി ആധാർ കാർഡ് ബന്ധിപ്പിക്കാൻ സർക്കാർ നിർദേശിച്ചതോടെ ഈ ആശങ്ക വർധിച്ചു. ആധാർ നമ്പർ ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് ഉപയോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ ബാങ്ക് അക്കൗണ്ട്- ആധാർ കാർഡ് ബന്ധിപ്പിക്കൽ ഒരു നിർബന്ധിത പ്രക്രിയ ആണ്. സാമ്പത്തിക ഇടപാടുകളുമായി ആധാറിന് ബന്ധം വരുന്നതാണ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രധാന പ്രശ്നം. പണം നഷ്ടമാകുമോ എന്ന ഭയം തന്നെയാണ് പ്രധാനം. നിങ്ങളുടെ ആധാർ നമ്പർ കൈവശമുള്ള ഒരു വ്യക്തി, പ്രത്യേകിച്ച് അയ്യാൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം കൂടുതലാണെങ്കിൽ ലിങ്ക് ചെയ്ത ആപ്പുകളും സേവനങ്ങളും ആക്സസ് ചെയ്യാൻ കഴിയുമെന്ന് ചിലർ ആശങ്കപ്പെടുന്നു. എന്നാൽ ആധാർ നമ്പർ അറിഞ്ഞാൽ മാത്രം ബാങ്ക് അക്കൗണ്ടുകളിലേക്ക് അനധികൃത പ്രവേശനം ലഭിക്കില്ലെന്ന് വിദഗ്ധർ ഉറപ്പുനൽകുന്നു.
ഉപയോക്താവിന്റെ ആധാർ നമ്പർ അറിയാം എന്നതുകൊണ്ടു മാത്രം ഒരാൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള നേരിട്ടുള്ള ആക്സസ് ലഭിക്കില്ലെന്ന് ഇൻഡസ്ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥനായ അനിൽ റാവു പറയുന്നു. അക്കൗണ്ടിലേയ്ക്ക് ആക്സസ് ലഭിക്കുന്നതിന് ആധാർ നമ്പറിനൊപ്പം ഒടിപി, ബയോമെട്രിക് ഓതന്റിക്കേഷൻ, ഫേസ് ഐഡി അല്ലെങ്കിൽ ഐറിസ് സ്കാൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ നിർണായകമായ പങ്കു വഹിക്കുന്നു. ഈ അധിക സുരക്ഷ ലെവലുകൾ ക്രാക്ക് ചെയ്യപ്പെടുന്നതു വരെ ബാങ്ക് അക്കൗണ്ടുകൾ സുരക്ഷിതമായി തുടരും. ഈ ലെവലുകൾ മറികടക്കുക അത്ര എളുപ്പമല്ല.
വഞ്ചനാപരമായ ഇടപാടുകൾക്കായി സൈബർ കുറ്റവാളികൾ ഉപയോക്താക്കളുടെ ഡാറ്റബേസിൽ നിന്ന് വിരലടയാളം കരസ്ഥമാക്കിയ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ അധികാരികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ഇത്തരം ഭീഷണികളെ ചെറുക്കുന്നതിന് അധിക സുരക്ഷാ പ്രോട്ടോക്കോളുകൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആധാർ ആധികാരികതയിൽ വ്യാജ വിരലടയാളം ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാൻ യുഐഡിഎഐ എഐ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ നടപ്പാക്കിയതായി ധനമന്ത്രാലയം വ്യക്തമാക്കുന്നു.