ചൊവ്വയിലെ നിർണായക ചുവടുവെയ്പ്പിൽ വിജയക്കൊടി പാറിച്ച് നാസ. റോവറിലെ ഓവന്റെ വലിപ്പമുള്ള യന്ത്രം ഉപയോഗിച്ച് ചൊവ്വയിൽ വിജയകരമായി ഓക്‌സിജൻ ഉത്പാദിപ്പിച്ച് നാസ. ഒരു മൈക്രോവേവ് ഓവനോളം മാത്രം വലിപ്പമുള്ള ഈ ഉപകരണം 2021-ലാണ് ചൊവ്വയിൽ വിക്ഷേപിക്കുന്നത്. അന്ന് മുതൽ പെർസെവറൻസ് റോവർ മുഖേന ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നുണ്ട്. പരീക്ഷണം വിജയം കണ്ടതോടെ ചൊവ്വയിൽ ഓക്‌സിജൻ നിർമ്മിക്കുന്നത് സാദ്ധ്യമെന്ന് നാസ തെളിയിച്ചു.
ഭാവി ബഹിരാകാശ യാത്രികർക്ക് ചൊവ്വ അനുയോജ്യമാണെന്ന് തെളിഞ്ഞതിന് പിന്നാലെ മാർസ് ഓക്‌സിജൻ ഇൻ-സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷൻ എക്‌സ്പിരിമെന്റ് ഇതിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് നാസ അറിയിച്ചു. 122 ഗ്രാം ഓക്‌സിജനാണ് ഉപകരണം ഇതുവരെ ഉത്പാദിപ്പിച്ചത്. ഇവ 98 ശതമാനം മികച്ചതാണെന്ന് പറയുന്നു. ഇന്ധനത്തിനും ശ്വസനആവശ്യങ്ങൾക്കും ഉൾപ്പെടെ ഇത് അനുയോജ്യമാണെന്നും പറയുന്നു.
ചൊവ്വയിലെ അന്തരീക്ഷത്തിലുള്ള കാർബൺഡൈഓക്‌സൈഡിൽ നിന്നും ഓക്‌സിജൻ വേർതിരിക്കുന്നതിനായി ഒരു ഇലകട്രോകെമിക്കൽ പ്രക്രിയയിലൂടെ ഉപകരണം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ഉൽപാദിപ്പിക്കുന്ന ഓക്‌സിജന്റെ അളവും മികവും പരിശോധിക്കുന്നുണ്ട്. ചൊവ്വയുടെ ഭാവി മനുഷ്യ പര്യവേക്ഷണത്തിലേക്കുള്ള നിർണായക ചുവടുവെയ്പ്പാണ് ഈ വിജയമെന്ന് നാസ വ്യക്തമാക്കി.