ഭൂകമ്പം തകര്‍ത്ത മൊറോക്കോയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 2112 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അറ്റ്‌ലസ് മലനിരകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാനായിട്ടില്ല. ഏറ്റവും അവസാനം ലഭിച്ച വിവരങ്ങള്‍ പ്രകാരം 2400 പേര്‍ക്കാണ് ഭൂകമ്പത്തില്‍ പരിക്കേറ്റത്.
മൊറോക്കയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങള്‍ മൊറോക്കന്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയും ഇന്ത്യ, ഫ്രാന്‍സ്, സൗദി അറേബ്യ, ജര്‍മനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങള്‍ മൊറോക്കോക്ക് സഹായങ്ങളുമായി രംഗത്തുണ്ട്. ചരിത്ര നഗരമായ മറാക്കഷിലും അടുത്തുള്ള പ്രാവശ്യകളിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സെപ്തംബര്‍ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടര്‍ചലനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്‌ലാസ് പര്‍വത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനം എന്നാണ് മൊറോക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി ദുരന്തത്തെ വിശേഷിപ്പിച്ചത്.