ചൊവ്വയിലേക്കുള്ള കവാടമായാണ് പലപ്പോഴും ചന്ദ്രനെ കണക്കാക്കുന്നത്. കൂടാതെ ആധുനിക സാങ്കേതിക വിദ്യക്ക് ആവശ്യമായ വിലയേറിയ വിഭവങ്ങളുടെ ഉറവിടമാണ് ചന്ദ്രൻ. അതേസമയം, 1972ലെ അപ്പോളോ 17 ദൗത്യത്തിനു ശേഷം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല. അതിനാലാണ് നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് പദ്ധതി ഏകദേശം 2030ഓടെ ചന്ദ്രനിൽ വീണ്ടും ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ചന്ദ്രനിൽ ഒരു അടിത്തറ നിർമിക്കണമെങ്കിൽ ഒരു ഊർജ സ്രോതസ് അനിവാര്യമാണ്.
കാരണം ചന്ദ്രന്റെ ചില മേഖലകളിൽ അസ്ഥികളെ തണുപ്പിക്കുന്ന രീതിയിൽ -248 വരെ താപനില താഴാറുണ്ട്. ഇതിനെല്ലാം പരിഹാരമെന്നോണമാണ് യു.കെയിലെ ബാംഗോർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പോപ്പി വിത്തുകളുടെ മാത്രം വലിപ്പമുള്ള ഇന്ധന സെല്ലുകൾ വികസിപ്പിച്ചെടുത്തത്. ഇത് ചന്ദ്രനിൽ ജീവൻ നിലനിർത്താൻ ആവശ്യമായ ഊർജം ഉണ്ടാക്കാൻ സഹായിക്കുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
റോൾസ് റോയ്‌സ്, യു.കെ ബഹിരാകാശ ഏജൻസി, നാസ, യു.എസിലെ ലോസ് അലാമോസ് നാഷനൽ ലബോറട്ടറി തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ബാംഗോർ ടീം പ്രവർത്തിച്ചത്. ചന്ദ്രനിലും രാവും പകലും ഉള്ള ഗ്രഹങ്ങളിൽ നമുക്ക് ഊർജത്തിനായി ഇനി സൂര്യനെ ആശ്രയിക്കാൻ കഴിയില്ല, അതിനാൽ ജീവൻ നിലനിർത്താൻ ചെറിയ മൈക്രോ റിയാക്ടർ പോലുള്ള സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യണം. ബഹിരാകാശ യാത്രയുടെ അത്രയും ദൈർഘ്യമുള്ള ഊർജം നൽകാനുള്ള ഒരേയൊരു മാർഗം ആണവോർജമാണ്.