വൈറ്റമിൻ ഗുളികയാണെന്ന് കരുതി അമേരിക്കൻ സ്വദേശിയായ സ്ത്രീ വിഴുങ്ങിയത് ഭർത്താവിൻറെ ആപ്പിൾ എയർപോഡ്. റിയൽടർ ടന്ന ബാർക്കർ എന്ന 52 -കാരിയായ സ്ത്രീയാണ് തനിക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
ടിക് ടോക്കർ കൂടിയായ ഇവരുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഹൃത്തുമായി തിരക്കിട്ട സംഭാഷണത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു അബദ്ധം ഇവർക്ക് പറ്റിയത്. വെള്ളം കുടിച്ചതിനുശേഷം തിടുക്കത്തിൽ എടുത്തു കഴിച്ചത് ഭർത്താവിന്റെ എയർപോഡ് പ്രോ ആണെന്ന് അത് കഴിച്ചു കഴിഞ്ഞപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്.
തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ പുറത്താരോടും പറയണ്ട എന്നായിരുന്നു ഭർത്താവിൻറെ നിർദ്ദേശം. എന്നാൽ തൻറെ അനുഭവം തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സുമായി പങ്കുവെക്കണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും അവർ വീഡിയോയിൽ പറഞ്ഞു.
ഏതായാലും ടന്ന ബാർക്കറിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ഇത്രയേറെ വിലയേറിയ ഒരു വൈറ്റമിൻ കഴിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി താങ്കൾ ആയിരിക്കുമെന്നും, കാത്തിരിക്കുക വൈകാതെ സാധനം തിരികെ ലഭിക്കും എന്നും ഒക്കെയുള്ള നർമ്മം കലർന്ന കമൻറുകൾ ആണ് ഇവരുടെ പോസ്റ്റിനു താഴെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പങ്കുവെക്കുന്നത്.
താൻ എയർപോഡ് വിഴുങ്ങി എന്ന് അറിഞ്ഞതിനു ശേഷം അത് പുറത്തെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്നറിയാൻ നിരവധി ഡോക്ടർമാരെ കണ്ടിരുന്നു എന്നും എന്നാൽ എല്ലാവരും തന്നോട് പറഞ്ഞത് പേടിക്കാൻ ഒന്നുമില്ല തനിയെ പുറത്തുവന്നു കൊള്ളും എന്നും ആണെന്ന് ഇവർ പറയുന്നു. ഏതായാലും ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പോസ്റ്റിൽ തൻറെ എയർപോഡ് തിരികെ ലഭിച്ചതായും ഇവർ സോഷ്യൽ മീഡിയ ഫോളോവേഴ്സുമായി പങ്കുവെച്ചിട്ടുണ്ട്.