അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും യു.പി.ഐ (യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫേസ്) പെയ്മെന്റ് നടത്താവുന്ന സംവിധാനം വരുന്നു. റിസർവ് ബാങ്ക് അടുത്തിടെ ക്രെഡിറ്റ് ലൈൻ സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് അനുമതി നൽകിയതിനെ തുടർന്നാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. ഉപയോക്താക്കൾക്ക് അനുവദിക്കപ്പെട്ട പരിധിയിൽ വിനിമയങ്ങൾ നടത്താനും പിന്നീട് ഈ തുക തിരികെ അടയ്ക്കുകയും ചെയ്യുന്ന രീതിയാണിത്.
നിലവിൽ ഉപയോക്താക്കൾക്ക് സേവിംഗ്സ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ, പ്രീ പെയ്ഡ് വാലറ്റുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ മാത്രമാണ് യു.പി.ഐ സംവിധാനവുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത്. എന്നാൽ പുതിയ സൗകര്യത്തിലൂടെ മുൻകൂട്ടി അനുവദിക്കപ്പെട്ട ക്രെഡിറ്റ് പരിധിക്കുള്ളിലുള്ള യു.പി.ഐ വിനിമയങ്ങളും സാദ്ധ്യമാവും.വാണിജ്യ ബാങ്കുകൾക്ക് ഈ സൗകര്യം വ്യക്തികൾക്കായി നൽകാൻ സാധിക്കും. ഉപയോക്താക്കളുടെ മുൻകൂട്ടിയുള്ള സമ്മതം ഇതിന് ആവശ്യമാണ്.ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്നാൽ വിവിധ ബാങ്കുകളുടെ പോളിസികൾ ബാധകമായിരിക്കും. പ്രീ അപ്രൂവ്ഡ് പരിധിയിൽ ഒരു ക്രെഡിറ്റ് ലൈൻ രൂപീകരിക്കാൻ ഉപയോക്താവിന്റെ അനുവാദം ബാങ്ക് ആവശ്യപ്പെടും. ഈ പ്രക്രിയ പൂർത്തിയായാൽ അനുവദിക്കപ്പെട്ട പരിധിയിൽ യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി വിനിമയങ്ങൾ നടത്താം. കാലാവധി ദിവസത്തിന് മുമ്പ് കുടിശ്ശിക തീർക്കണം. ക്രെഡിറ്റ് ലൈൻ സൗകര്യം നല്കുമ്പോൾ ഉപയോഗിക്കുന്ന തുകയ്ക്ക് ചില ബാങ്കുകൾ പലിശ ഈടാക്കാറുണ്ട്. ബാങ്കുകൾക്ക് അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ബാങ്കുകൾ അനുവദിക്കുന്ന തിരിച്ചടവ് കാലയളവിലും വ്യത്യാസമുണ്ടാകാം.
പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ യു.പി.ഐ ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡിനേക്കാൾ കൂടുതൽ ലളിതമായി ലഭ്യമാകുന്നു എന്നതാണ് പ്രത്യേകത. അടിസ്ഥാനപരമായ പേഴ്സണൽ വെരിഫിക്കേഷൻ മാത്രമാണ് ഇതിനായി ബാങ്ക് നടത്തുന്നത്. അക്കൗണ്ടിൽ പണമില്ലാത്ത സാഹചര്യത്തിൽ അത്യാവശ വിനിമയങ്ങൾ നടത്താൻ ഈ സംവിധാനം ഉപകരിക്കും.