ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിലൊന്നാണ് ബ്രസീലിലെ ബാങ്കോ സെൻട്രൽ അഥവാ സെൻട്രൽ ബാങ്കിൽ നടന്നത്. കൊള്ളക്കാർ 7 കോടി യുഎസ് ഡോളർ (ഏകദേശം 582 കോടി രൂപ) ഇവിടെ നിന്നു കവർന്നു. ഈ ബാങ്ക് കവർച്ചയുടെ ആസൂത്രണവും അതു ചെയ്ത രീതിയുമാണ് ഈ സംഭവത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. ബ്രസീലിലെ ഒരു സംസ്ഥാനമായ സിയാറയുടെ തലസ്ഥാനമായ ഫോർട്ടലേസയിലാണ് ബ്രസീൽ സെൻട്രൽ ബാങ്ക് സ്ഥിതി ചെയ്തിരുന്നത്. ബ്രസീലിലെ വളരെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നാണ് ഇത്. മോഷൻ ഡിറ്റക്ടറുകൾ, സെക്യൂരിറ്റി ക്യാമറകൾ അതിസുരക്ഷയുള്ള ഭിത്തികൾ തുടങ്ങി ഒട്ടേറെ സുരക്ഷാസംവിധാനങ്ങൾ ഈ ബാങ്കിലുണ്ടായിരുന്നു.ഇത്രയ്ക്കും സുരക്ഷ ഉണ്ടായിട്ടും മോഷ്ടാക്കൾ ഇതിനുള്ളിലേക്കു കടന്നുകയറി മോഷണം നടത്തി.
ബാങ്ക് കൊള്ളയടിച്ചവർ ബാങ്കിന് അടുത്തായി ഒരു കെട്ടിടം വാടകയ്ക്കെടുത്തു. പൂന്തോട്ടം മോടിപിടിപ്പിക്കുന്നതിനുള്ള കോൺട്രാക്ട് ഏറ്റെടുക്കുന്ന കമ്പനിയെന്ന വ്യാജേനയാണ് ഇവർ അവിടെ നിലയുറപ്പിച്ചത്.
ഇവിടെ നിന്ന് കൊണ്ട് അവർ 256 അടി നീളമുള്ള ഒരു തുരങ്കം കുഴിക്കാൻ തുടങ്ങി. 3 മാസങ്ങളെടുത്താണ് ഈ ടണൽ നിർമാണം പൂർത്തീകരിച്ചത്. ഈ ടണലിനുള്ളിൽ തടി ബീമുകളും ലൈറ്റുകളും വെന്റിലേഷൻ സംവിധാനങ്ങളുമൊക്കെയുണ്ടായിരുന്നു. ഒരു വ്യക്തിക്ക് സുഖമായി നടന്നുപോകാനുള്ള വിസ്താരമുണ്ടായിരുന്നു ഈ ടണലിന്.
2005 ഓഗസ്റ്റ് 6–7 തീയതികളിലാണ് കൃത്യം നടന്നത്. തുരങ്കത്തിലൂടെയെത്തി സുരക്ഷാസംവിധാനങ്ങൾ കടന്നുചെന്ന കൊള്ളക്കാർ ബാങ്കിന്റെ വോൾട്ടിൽ നിന്ന് കറൻസി നോട്ടുകൾ അപഹരിച്ചു. 3175 കിലോയായിരുന്നു അപഹരിക്കപ്പെട്ട നോട്ടുകളുടെ ആകെ ഭാരം. മോഷ്ടിച്ച നോട്ടുകൾ തുരങ്കത്തിലൂടെ നീക്കിയ മോഷ്ടാക്കൾ അതൊരു വാനിൽകയറ്റി കടത്തി. പിറ്റേന്ന് രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് വൻ കൊള്ള കണ്ടെത്തിയതും ലോകത്തെ അറിയിച്ചതും.
തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 150 പേരെ അവർ അറസ്റ്റ് ചെയ്തു. 90 ലക്ഷം യുഎസ് ഡോളർ തിരികെപ്പിടിക്കാനും സാധിച്ചു. എന്നാൽ ബാക്കി തുക ലഭ്യമായില്ല. ഈ കവർച്ചയുടെ പിന്നിലുള്ള പല പ്രധാന കൊള്ളക്കാരും ഇതുവരെ അകത്തായിട്ടുമില്ല. ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി വിവിധ വെബ്സീരീസുകൾ പുറത്തിറങ്ങിയിരുന്നു.