എവറസ്റ്റിന്റെ മുകളില്‍ മുതല്‍, 6.8-മൈല്‍ ആഴമുള്ള മറിയാന ട്രെഞ്ചില്‍ വരെ ഭൂമിയിലെ എല്ലായിടത്തും പ്ലാസ്റ്റിക് കണ്ടെത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് അടുത്ത ഭയപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. നമ്മുടെ മഴമേഘങ്ങളില്‍ പോലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഉണ്ടത്രെ.
മൗണ്ട് ഫ്യൂജി, മൗണ്ട് ഓയാമ എന്നീ പർവതങ്ങളുടെ മുകളില്‍ നിന്ന് ജാപ്പനീസ് ഗവേഷകര്‍ ശേഖരിച്ച ബാഷ്പപടലങ്ങളിലാണത്രെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക് മഴയിലൂടെ ഭൂമിയില്‍ പതിക്കുന്നുണ്ടാകാമെന്നും, ഭക്ഷണത്തെ മുഴുവന്‍ മലീമസമാക്കുന്നുണ്ടാകാം എന്നും ഗവേഷകര്‍ സംശയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്ലാസ്റ്റിക് മഴ പെയ്യുന്നുണ്ട്!
‘വായുവിലെ പ്ലാസ്റ്റിക് മലിനീകരണം’ എന്ന പ്രശ്‌നത്തിന് അതിവേഗം പരിഹാരം കണ്ടില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റുമായി പ്രതീക്ഷിക്കുന്നതിലേറെ വന്‍ ആഘാതം സൃഷ്ടിച്ചേക്കാമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹിരോഷി ഒകോചി പറഞ്ഞത്. പരിഹാരം കാണാനായി ല്ലെങ്കില്‍ പിന്നീടൊരിക്കലും തിരിച്ചു പോക്കില്ലാത്ത ഗുരുതരമായ പാരിസ്ഥിതികാഘാതത്തിലേക്ക് ഭൂമിയെ നയിച്ചേക്കാമെന്നും ഒകോചി മുന്നറിയിപ്പു നല്‍കുന്നു. മഴയിലൂടെ ഭൂമിയിലേക്കു പതിക്കുന്ന മൈക്രോപ്ലാസ്റ്റിക്, നാം കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന എല്ലാത്തിനെയും വിഷമയമാക്കുന്നു.
ഫ്യൂജി പര്‍വ്വതത്തിന്റെയും, ഒയാമ പര്‍വ്വതത്തിന്റെയും മുകളില്‍ നിന്നു ശേഖരിച്ച ജലാംശം പരിശോധിച്ച ശേഷമാണ് പ്ലാസ്റ്റിക് മഴ പെയ്യുന്നുണ്ട് എന്ന അനുമാനത്തില്‍ ഗവേഷകര്‍ എത്തിയത്. തങ്ങള്‍ ശേഖരിച്ച സാംപിൾ അത്യാധുനിക ഇമേജിങ് ടെക്‌നിക് ഉപയോഗിച്ച് അവയുടെ കെമിക്കല്‍-ഫിസിക്കല്‍ പ്രോപ്പര്‍ട്ടി പരിശോധിച്ച ശേഷമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
9 തരം പോളിമറുകള്‍ തിരിച്ചറിഞ്ഞു
ശേഖരിച്ച സാംപിൾ പരിശോധിച്ചതില്‍ ഗവേഷകര്‍ 9 വ്യത്യസ്ത തരം പോളിമറുകളും, ഒരു തരം റബറുമാണ് കണ്ടെത്തിയത്. ഇവയുടെ വലിപ്പം 7.1 – 94.6 മൈക്രോമീറ്റര്‍ വരെയാണെന്നും ഗവേഷകര്‍ പറയുന്നു. ശേഖരിച്ച ഓരോ ലീറ്റര്‍ മേഘജലത്തിലും 6.7 മുതല്‍ 13.9 വരെ പ്ലാസ്റ്റിക് കഷണങ്ങളാണ് കണ്ടെത്തിയത്.മൈക്രോപ്ലാസ്റ്റിക് വളരെ ചെറുതായതിനാല്‍ അവ ആന്തരികാവയവങ്ങളിലേക്കുപോലും എത്തിച്ചേര്‍ന്നേക്കാമെന്നും സംശയിക്കുന്നു.