നീലേശ്വരം: വെള്ളിയാഴ്ച രാത്രി നീലേശ്വരം ബസ്സ്റ്റാൻഡിലെ ശൗചാലയത്തിന്റെ പൂട്ടുപൊളിച്ച് പോലീസ്. സഹായമഭ്യർഥിച്ച് മലപ്പുറത്തുനിന്ന് രാത്രി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ വ്യത്യസ്തമായൊരു പരാതിയെത്തുടർന്നായിരുന്നു നടപടി.
നീലേശ്വരത്തെ ശൗചാലയത്തിന്റെ ചുമരിൽ യുവാവിന്റെ ഉമ്മയുടെ ഫോൺനമ്പർ ആരോ എഴുതിവെച്ചിട്ടുണ്ടെന്നും പലരും മോശമായി ഉമ്മയുടെ ഫോണിലേക്ക് വിളിക്കുന്നുവെന്നുമായിരുന്നു പരാതി. മറ്റു വഴികളില്ലാതെ വന്നപ്പോൾ മലപ്പുറത്തുനിന്ന് ബസ് കയറി യുവാവ് നീലേശ്വരത്തെത്തുകയായിരുന്നു. എത്തിയപ്പോൾ രാത്രിയായതിനാൽ ശൗചാലയം അടച്ചു. പൂട്ടുപൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് യുവാവ് പോലീസിന്റെ സഹായം തേടിയത്. അടുത്ത ദിവസം തന്നെ ഗൾഫിലേക്ക് പോകേണ്ടതിനാൽ നമ്പർ മായ്ക്കാതെ പോകാനാവില്ലെന്നതായിരുന്നു പ്രശ്നം.
യുവാവിന്റെ സങ്കടം മനസ്സിലാക്കിയ എസ്.ഐ. മധുസൂദനൻ മടിക്കൈയും പോലീസ് ഉദ്യോഗസ്ഥരായ പ്രദീപൻ കോതോളിയും കെവി. ഷിബുവും യുവാവുമായി ശൗചാലയത്തിനടുത്തെത്തി. കൗൺസിലർ ഇ. ഷജീറിന്റെ ഇടപെടലിലൂടെ താക്കോൽ കിട്ടി. എന്നാൽ താക്കോൽ കൊണ്ട് തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പോലീസ് തന്നെ പൂട്ടുപൊളിച്ചു. ശൗചാലയത്തിന്റെ ചുമരിൽ എഴുതിയ യുവാവിന്റെ ഉമ്മയുടെ ഫോൺനമ്പർ മായ്ച്ചു. ഒരുവർഷത്തോളം നേരിട്ട പ്രശ്നത്തിന് പരിഹാരം കിട്ടിയ സന്തോഷത്തിൽ യുവാവ് രാത്രിതന്നെ മലപ്പുറത്തേക്ക് തിരിച്ചു. ചുമരിൽ ധാരാളം നമ്പറുകളും മോശം വാക്കുകളും ഉണ്ടെന്നതിനാൽ അത് മായ്ക്കാൻ നടപടി വേണമെന്ന് നഗരസഭയോട് പോലീസ് ആവശ്യപ്പെട്ടു.