മരത്തടികൊണ്ട് നിർമിക്കുന്ന ലോകത്തെ ഏറ്റവും ഉയരത്തിലുള്ള കെട്ടിടം പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ഒരുങ്ങുന്നു. 191.2 മീറ്റർ ഉയരത്തിലുള്ള കെട്ടിടത്തിന്റെ 42 ശതമാനം തടി കൊണ്ടാകും നിർമിക്കുക. 600 മരങ്ങളുടെ തടി ഇതിനായി ഉപയോഗിക്കും. സൗത്ത് പെർത്തിലെ ചാൾസ് സ്ട്രീറ്റിൽ ഗ്രേഞ്ച് ഡെവലപ്മെന്റാണ് കെട്ടിടം നിർമിക്കുന്നത്. സി6 ബിൽഡിങ്ങെന്നാണ് നിലവിൽ ഈ കെട്ടിടത്തിന് നൽകിയിരിക്കുന്ന പേര്.
നിലവിൽ ലോകത്തിലേറ്റവും ഉയരമേറിയ തടിക്കെട്ടിടമെന്ന റെക്കോഡ് അമേരിക്കയിലെ വിസ്കോൺസിന്നിലെ അസെന്റ് ടവറിന്റെ പേരിലാണ്. 25 നിലകളിലായി സ്ഥിതി ചെയ്യുന്ന അസെന്റ് ടവറിന് 86 മീറ്റർ ഉയരമുണ്ട്. ഓസ്ട്രേലിയയിലെ സി6-ന്റെ പണിപൂർത്തിയായാൽ ഈ റെക്കോഡ് തകരും. റിപ്പോർട്ടുകൾ പ്രകാരം ഓസ്ട്രേലിയയിൽ ഒരുങ്ങുന്നത് 50 നില കെട്ടിടമാണ്.
200-ലധികം അപ്പാർട്ട്മെന്റുകൾ ഇവിടെയുണ്ടാകും. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് റെസിഡൻഷ്യൽ കെട്ടിടം കൂടിയാണിത്. റൂഫ്ടോപ്പ് ഗാർഡൻ, അർബൻ ഫാം പോലുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും.