രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള 2024 ഒഎന്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ രണ്ട് ദിവസം മുമ്പ് കടന്നുപോയിരുന്നു. ഇപ്പോള്‍ അടുത്ത ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക് ഇന്ന് മണിക്കൂറില്‍ 20,586 മൈല്‍ വേഗതയില്‍ കുതിച്ചെത്തുകയാണ്. 2022 എസ്‌ഡബ്ല്യൂ3 (Asteroid 2022 SW3) എന്നാണ് ചെറിയ വിമാനത്തിന്‍റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിന്‍റെ പേര്. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഒരു ചെറിയ വിമാനത്തിന്‍റെ വലിപ്പമുള്ള 2022 എസ്‌ഡബ്ല്യൂ3 ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തും എന്നാണ് നാസയുടെ നിരീക്ഷണം. 120 അടി വ്യാസമാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വലിപ്പം. മണിക്കൂറില്‍ 20,586 മൈല്‍ വേഗത്തിലാണ് ഇതിന്‍റെ സഞ്ചാരം. എന്നാല്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഇത് 1,620,000 മൈല്‍ അകലത്തിലായിരിക്കും. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി അകലം 239,000 മൈലാണ് (385,000 കിലോമീറ്റര്‍). അതിനാല്‍ തന്നെ ഭൂമിക്ക് യാതൊരു ഭീഷണിയും 2022 എസ്‌ഡബ്ല്യൂ3 ഛിന്നഗ്രഹം സൃഷ്ടിക്കില്ല. എങ്കിലും നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ്‌സ് നിരീക്ഷണ സംഘം 2022 എസ്‌ഡബ്ല്യൂ3 ഛിന്നഗ്രഹത്തെ ശ്രദ്ധാപൂര്‍വം പിന്തുടരുന്നു. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പം കണക്കാക്കുന്ന ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ ഭൂമിക്ക് യാതൊരു കേടുപാടുമേല്‍പിക്കാതെയാണ് രണ്ട് ദിവസം മുമ്പ് സുരക്ഷിത അകലത്തിലൂടെ കടന്നുപോയത്. 210-500 മീറ്റര്‍ വലിപ്പം കണക്കാക്കുന്ന ഈ ഛിന്നഗ്രഹം 40,233 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത് എന്നാണ് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയുടെ നിഗമനം. സെപ്റ്റംബര്‍ 17-ാം തിയതി ഭൂമിയില്‍ നിന്ന് 997,793 കിലോമീറ്റര്‍ അകലത്തിലൂടെയാണ് 2024 ഒഎന്‍ ഛിന്നഗ്രഹം കടന്നുപോയത്. സെപ്റ്റംബര്‍ 18ന് 2024 ആര്‍എച്ച് 8, 2013 എഫ്‌ഡബ്ല്യൂ13, 2024 ആര്‍ജെ13, ആര്‍സെഡ്ഡ്13, എന്നിവയും ഭൂമിക്ക് സുരക്ഷിത അകലത്തിലൂടെ കടന്നുപോയിരുന്നു.