പ്രതീക്ഷിച്ചതിനേക്കാളധികം കാര്‍ബണും, സമൃദ്ധമായി ജലവും സാംപിളില്‍ കണ്ടെത്തിയതായി നാസ വെളിപ്പെടുത്തി. ‘ബെന്നു’ ഛിന്നഗ്രഹത്തില്‍നിന്ന് ഒസിരിസ്-റെക്‌സ് പേടകം ഭൂമിയിലെത്തിച്ച സാംപിളിന്റെ വിശദാംശങ്ങളാണ് നാസ പുറത്തുവിട്ടത്. ഇവ രണ്ടും ചേരുമ്പോള്‍ ഭൂമിയിലെ ജീവന്റെ നിര്‍മാണ ഘടകങ്ങളാണ് ബെന്നു സാംപിളില്‍ അടങ്ങിയിരിക്കുന്നതെന്നും നാസ പറഞ്ഞു. സാംപിളിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.
4.5 ബില്യണ്‍ വര്‍ഷം പ്രായമുള്ള ഛിന്നഗ്രഹമാണ് ബെന്നു. 2016ല്‍ വിക്ഷേപിച്ച ഒസിരിസ്-റെക്‌സ് പേടകം 2018ലാണ് ബെന്നുവില്‍ എത്തിയത്. അവിടെ നിന്നും സാംപിള്‍ ശേഖരിച്ച് സെപ്റ്റംബര്‍ 24നാണ് മടങ്ങിയെത്തിയത്.ബെന്നുവില്‍ നിന്ന് ഭൂമിയിലെത്തിച്ച സാംപിള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്ക് പഠനത്തിന് ലഭ്യമാക്കാനും ഭാവി തലമുറകള്‍ക്ക് പര്യവേക്ഷണത്തിനും പഠനത്തിനുമായി ഉപയോഗപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് നാസ വ്യക്തമാക്കിയിരുന്നു.
ഭൂമിയും സൗരയൂഥവും എങ്ങനെ രൂപപ്പെട്ടുവെന്നും ഭൂമിയില്‍ ജീവന്‍ ഉണ്ടാകുന്നതിലേക്ക് നയിച്ചിരിക്കാവുന്ന ജൈവവസ്തുക്കളുടെ ഉത്ഭവത്തെക്കുറിച്ചും പഠിക്കാന്‍ കഴിയുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.