ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തില്‍ അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ബുധനാഴ്ച ജിദ്ദയില്‍ നടക്കുന്ന യോഗത്തിലേക്കു വിവിധ ഇസ്ലാമിക രാജ്യങ്ങളെ സൗദി അറേബ്യ ക്ഷണിച്ചു.
സൗദിയുടെ ക്ഷണപ്രകാരം ഒഐസിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിതലത്തില്‍ അസാധാരണ യോഗം ചേരുകയാണെന്ന് സംഘടന വെബ്സൈറ്റില്‍ അറിയിച്ചു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും സാധാരണക്കാരുടെ ജീവിതവും ഭീഷണി നേരിടുന്ന സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സംഘടന അറിയിച്ചു. യുഎന്‍ കഴിഞ്ഞാല്‍ നാല് ഭൂഖണ്ഡങ്ങളില്‍നിന്ന് 57 അംഗരാജ്യങ്ങളുള്ള ഏറ്റവും വലിയ രണ്ടാമത്തെ സംഘടനയാണ് ഒഐസി.
ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളില്‍നിന്നു സൗദി അറേബ്യ പിന്മാറിയതിനു പിന്നാലെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇറാന് പ്രസിഡന്റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇസ്രയേല്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.