യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ട്രെൻഡിങ്ങായി പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ‘ഗർബ’ ഗാനം. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ‘ഗർബോ’ എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രധാന നൃത്തരൂപമാണ് ഗർബ. നരേന്ദ്ര മോദിയുടെ വരികൾക്ക് സൂപ്പർഹിറ്റ് സംഗീത സംവിധായകൻ തനിഷ്‌ക് ബാഗ്ചിയാണ് ഈണമിട്ടത്. ഗായിക ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചത്. അഭിനേതാവും നിർമാതാവുമായ ജാക്കി ഭഗ്നാനിയുടെ മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കാണ് ഗാനം പുറത്തിറക്കിയത്. 3.10 മിനിറ്റ് ഉള്ളതാണ് ഗാനം.
ഏതാനം വർഷം മുൻപ് മോദി രചിച്ച വരികളാണ് ഗർബ ഗാനമാക്കി അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ സാംസ്‌ക്കാരിക തനിമയെ ഓർമ്മിപ്പിക്കുന്നതാണ് ഗാനം. ധ്വനി ഭാനുശാലിക്കും തനിഷ്‌കിനും ജസ്റ്റ് മ്യൂസിക്കിനും നന്ദി രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ഗാനം നരേന്ദ്ര മോദി തന്നെ ഷെയർ ചെയ്തിട്ടുണ്ട്.
‘‘ ഇത് എന്നെ പഴയ ഓർമ്മകളിലേക്ക് മടക്കികൊണ്ടുപോകുന്നു. കുറച്ച് കാലങ്ങളായി ഞാൻ എഴുത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഈ അടുത്ത ദിവസങ്ങളിൽ ഞാൻ പുതിയൊരു ഗർബ കൂടി രചിച്ചു. അത് നവരാത്രി ദിനത്തിൽ പങ്കുവയ്ക്കും’’ – നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പങ്കുവെച്ചു.