ഓപൺ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും പകരക്കാരനായി ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ എ.ഐ കമ്പനി എക്സ്‍എഐ (xAI) നിർമിച്ച ആദ്യത്തെ എ.ഐ ചാറ്റ്ബോട്ടാണ് ഗ്രോക് (Grok). ചാറ്റ്ജിപിടി പോലെ നമ്മുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്ന ഗ്രോക് ആദ്യ ഘട്ടത്തിൽ പരിമിതമായ യൂസർമാർക്ക് മാത്രമാണ് ലഭ്യമാവുക. ‘ഗ്രോകിന്റെ ബീറ്റാ പതിപ്പ് റിലീസ് ചെയ്യുന്ന മുറക്ക് ‘ഗ്രോക് സിസ്റ്റം’ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സി-ലെ എല്ലാ പ്രീമിയം പ്ലസ് സബ്സ്ക്രൈബർമാർക്കും ലഭ്യമാക്കു’മെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
എക്സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്കിന്റെ എ.ഐ മോഡൽ പ്രവർത്തിക്കുന്നത്. കൂടാതെ, ഇന്റർനെറ്റ് ബ്രൗസിങ് സംവിധാനവുമുണ്ടായിരിക്കും. അതായത്, നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാനായി ഇന്റർനെറ്റിൽ തിരയാനും ഗ്രോക്കിന് കഴിയുമെന്ന് ചുരുക്കം. എന്നാൽ, ചില നിയമവിരുദ്ധവും അപകടകരവുമായ ചോദ്യങ്ങൾക്ക് ചാറ്റ്ജിപിടിയും ബാർഡും പോലെ ഗ്രോക്കും മറുപടി നൽകില്ലെന്ന് മസ്ക് പറഞ്ഞു. അതിനൊരു ഉദാഹരണവും അദ്ദേഹം എക്സിൽ പങ്കുവെച്ചു.