ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പ് ആയ എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ മോഡല്‍ ശനിയാഴ്ച മുതല്‍ തിരഞ്ഞെടുത്ത ആളുകള്‍ക്ക് ലഭ്യമായി. വെള്ളിയാഴ്ചയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ജനശ്രദ്ധ പിടിച്ചുപറ്റി ഒരു വര്‍ഷത്തിന് ശേഷമാണ് എക്സ് എഐ സ്വന്തം എഐ മോഡല്‍ അവതരിപ്പിക്കുന്നത്. മസ്‌കിന്റെ കൂടി പങ്കാളിത്തത്തിലാണ് 2015 ല്‍ ഓപ്പണ്‍ എഐ ആരംഭിച്ചത്.
പിന്നീട് 2018ല്‍ കമ്പനിയുടെ ബോര്‍ഡ് അംഗത്വം മസ്‌ക് രാജിവെക്കുകയായിരുന്നു. നിലവിലുള്ള മോഡലുകളില്‍ ഏറ്റവും മികച്ചതാണ് എക്സ് എഐയുടെ പുതിയ മോഡല്‍ എന്ന് മസ്‌ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ‘ഗ്രോക്ക്’ എന്നാണ് എക്സ് എഐ വികസിപ്പിച്ച ചാറ്റ്ബോട്ടിന് പേര്. ആദ്യ ബീറ്റാ ടെസ്റ്റിന് ശേഷം എക്സ് എഐയുടെ ഗ്രോക്ക് സിസ്റ്റം എക്സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് മസ്‌ക് പറഞ്ഞു.
ചോദ്യങ്ങള്‍ക്ക് സംഭാഷണ രീതിയില്‍ മറുപടി നല്‍കുന്ന ചാറ്റ് ബോട്ട് ആയിരിക്കും ഗ്രോക്ക് എന്നാണ് കരുതുന്നത്. ഇന്റര്‍നെറ്റ് ബ്രൗസിങ് സൗകര്യം ഇതിനുണ്ടാവും. ഇതുവഴി ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കാന്‍ ഗ്രോക്കിന് സാധിക്കും. അപകടകരമായ ചോദ്യങ്ങള്‍ക്ക് ‘ഗ്രോക്ക്’ മറുപടി നല്‍കില്ലെന്നാണ് മസ്‌ക് പറയുന്നത്. ഉദാഹരണമായി ‘കൊക്കെയ്ന്‍ എങ്ങനെ ഉണ്ടാക്കാം, ഘട്ടം ഘട്ടമായി പറയൂ’ എന്ന ചോദ്യത്തിന് ഗ്രോക്ക് നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് മസ്‌ക് പങ്കുവെച്ചു. തമാശ രൂപേണയാണ് ‘ഗ്രോക്ക്’ മറുപടി നല്‍കിയത്.
മുമ്പ് ട്വിറ്റര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന എക്സ് കഴിഞ്ഞയാഴ്ച പ്രീമിയം പ്ലസ് എന്ന പേരില്‍ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. എഐ മനുഷ്യ സമൂഹത്തിന് ഭീഷണിയാണെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്ന മസ്‌ക്, പക്ഷെ എഐ സാങ്കേതിക വിദ്യകളില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി, ഗൂഗിളിന്റെ ബാര്‍ഡ് എന്നിവയെ വെല്ലുവിളിച്ചുകൊണ്ടാണ് മസ്‌ക് പുതിയ എഐ മോഡല്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ ഡീപ്പ് മൈന്‍ഡ് ഉള്‍പ്പടെ മുന്‍നിര എഐ സ്ഥാപനങ്ങളില്‍ നിന്ന് വന്നവരാണ് എക്സ് എഐയില്‍ പ്രവര്‍ത്തിക്കുന്നത്.