പേടിഎം കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത നഷ്ടത്തിലാണ്. പേടിഎം മാതൃ കമ്ബനിയായ വണ്‍97 കമ്മ്യൂണിക്കേഷൻസ് ഈ സാമ്ബത്തിക വർഷം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കാൻ നോക്കുന്നതായി ഫിനാൻഷ്യല്‍ എക്സ്പ്രസിന്റെ റിപ്പോർട്ട്. കമ്ബനി തങ്ങളുടെ തൊഴിലാളികളുടെ 15-20 ശതമാനം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ട് പറയുന്നു. വണ്‍97 കമ്മ്യൂണിക്കേഷൻസ് അതിന്റെ വർദ്ധിച്ചുവരുന്ന നഷ്ടം നിയന്ത്രിക്കുന്നതിന്, 5,000-6,300 ജീവനക്കാരെ കുറച്ചുകൊണ്ട് 400-500 കോടി രൂപ ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പേടിഎം പേയ്‌മെൻ്റ് ബാങ്കിന് മേല്‍ നിരോധനം ഏർപ്പെടുത്തിയതിന് ശേഷം കമ്ബനിയുടെ വരുമാനത്തിലും വലിയ ഇടിവാണ് വന്നത്. വണ്‍ 97 കമ്മ്യൂണിക്കേഷൻസ് 2024 സാമ്ബത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു. മാർച്ചില്‍ അവസാനിച്ച പാദത്തില്‍ 550 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്ബനിക്ക് ഉണ്ടായത്. മുൻ വർഷത്തെ സമാന പാദത്തിലെ 168 കോടി രൂപയില്‍ നിന്നും 3.2 ഇരട്ടി ഇടിവാണ് അറ്റാദായത്തില്‍ പ്രതിഭലിച്ചത്.
മുൻ പാദത്തെ അപേക്ഷിച്ച് കമ്ബനിയുടെ വരുമാനത്തില്‍ 20 ശതമാനം കുറവ് വന്നു. പ്രവർത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,334 കോടി രൂപയില്‍ നിന്ന് 2.9 ശതമാനം ഇടിഞ്ഞ് 2,267 കോടി രൂപയിലേക്ക് കൂപ്പുകുത്തി.അതേസമയം മാർച്ച് പാദത്തില്‍ മാർക്കറ്റിംഗ് ചിലവ് കുറയ്‌ക്കാൻ കമ്ബനിക്ക് കഴിഞ്ഞിട്ടുണ്ട്. ത്രൈമാസത്തില്‍ 16 ശതമാനം കുറഞ്ഞ് 2,691 കോടി രൂപയായി. 2024 സാമ്ബത്തിക വർഷത്തിലെ കമ്ബനിയുടെ വരുമാനം 25 ശതമാനം വർധിച്ചതോടെ 9,978 കോടി രൂപയിലെത്തി. ഈ കാലയളവിലെ നഷ്ടം മുൻ വർഷത്തേക്കാളും 9 ശതമാനം ഇടിഞ്ഞ് 1,442 കോടി രൂപയായി.