കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ഗ്ര്‍ര്‍ര്‍. ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഈ സമയം തന്നെ ചിത്രത്തിലെ സിംഹത്തെ ഗ്രാഫിക്‌സ് ആക്കി കാണിച്ചെന്ന് ആരോപിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ഇട്ടിരിന്നു. ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് കുഞ്ചാക്കോ ബോബന്‍ മറുപടിയുമായി പോസ്റ്റിട്ടിരിക്കുന്നത്. വീഡിയോയില്‍ സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഹാസ്യ സംഭാഷണമാണ് ബാക്ക് ഗ്രൗണ്ടില്‍ നല്‍കിയിരിക്കുന്നത്. ദാഹം മാറി, മിക്കവാറും നീ സ്റ്റാര്‍ട്ടറും ഞാന്‍ മെയിന്‍ കോഴ്‌സുമായിരിക്കും എന്ന ഡയലോഗ് ഏറെ ചിരി പടര്‍ത്തുന്നുണ്ട്. വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് അതിലും രസകരം.
ഗ്രാഫിക്‌സ് ആണത്രേ, ഗ്രാഫിക്‌സ്, അതും മാന്ത് കിട്ടിയ എന്നോട്… എന്നാണ് കുഞ്ചാക്കോ ബോബന്‍ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് മദ്യപിച്ച് ലക്ക് കെട്ട് എത്തിപ്പെടുകയും സിംഹത്തെ വെല്ലുവിളിക്കുന്നതും അതിനിടയില്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് സിനിമ.
സിനിമ നടന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് എടുത്തിട്ടുള്ളത്. എസ്ര എന്ന സിനിമയുടെ സംവിധായകനയാ ജയ് കെ ആണ് ഗ്ര്‍ര്‍ര്‍ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാണിക്കുന്ന സിംഹം നിരവധി ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള മോജോ എന്ന സിംഹമാണ്. ദര്‍ശന്‍ എന്നാണ് ഗ്ര്‍ര്‍ര്‍-ല്‍ സിംഹത്തിന്റെ പേര്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും പ്രത്യേകതയുള്ള കാര്യമാണ്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഷാജി നടേശനും തമിഴ് സിനിമാ നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് എന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട്.