കേരളത്തിന്‍റെ അഭിമാനവും ഗൃഹാതുരത്വവുമായ കലാനിലയം സ്ഥിരം നാടകവേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഏരീസ് ഗ്രൂപ്പിന്‍റെ കൊച്ചി ബ്രാഞ്ച് ഓഫീസില്‍ വച്ച് കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയിയും കരാറില്‍ ഒപ്പുവച്ചു. ‘ഏരീസ് കലാനിലയം ആര്‍ട്‌സ് & തിയറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലായിരിക്കും കലാനിലയം ഇനി അറിയപ്പെടുക. അതിനൂതന ദൃശ്യ ശ്രവ്യ മികവോടെ ആദ്യം അവതരിപ്പിക്കുക കലാനിലയത്തിന്‍റെ അതിപ്രശസ്തമായ നാടകം ‘രക്തരക്ഷസ്’ തന്നെയായിരിക്കും. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്‍റെ പ്രദര്‍ശനം. പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുക എന്നതും ലക്ഷ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള അവതരണ രീതി കൊണ്ട് മലയാളക്കരയാകെ ശ്രദ്ധ നേടിയിട്ടുണ്ട് കലാനിലയം.
രക്തരക്ഷസ്, കടമറ്റത്ത് കത്തനാര്‍, കായംകുളം കൊച്ചുണ്ണി, ഗുരുവായൂരപ്പന്‍, അലാവുദ്ദീനും അത്ഭുതവിളക്കും, നാരദന്‍ കേരളത്തില്‍, യേശു ക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരില്‍ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്‍റെ ഭാഗമായതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് സോഹന്‍ റോയ് പറഞ്ഞു. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തില്‍ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ് ഈ നാടകസംഘം ശ്രദ്ധേയമായതെന്നും, നാടകം സിനിമ പോലെ നാടാകെ ഇളക്കി ജന മനസുകള്‍ കീഴടക്കിയ കലാനിലയം ഇനി പുത്തന്‍ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
1963ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ അന്നത്തെ നാടക സങ്കൽപ്പങ്ങളിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരം വേദിയെന്ന ആശയവുമായി രംഗത്തെത്തി. 150ലധികം കലാകാരന്മാര്‍ കലാനിലയത്തിന്‍റെ ഭാഗമായിരുന്നു അന്ന്. സിനിമാതാരം ജഗതി ശ്രീകുമാറിന്‍റെ അച്ഛൻ ജഗതി എന്‍.കെ. ആചാരി കലാനിലയത്തിന്‍റെ നാടകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. മൊഴിമാറ്റി ഇതര സംസ്ഥാനങ്ങളിലും നാടകാവതരണം നടത്തിയിട്ടുണ്ട്.
സ്‌കൂള്‍തലം മുതല്‍ തന്നെ കുട്ടികളില്‍ നാടകത്തെക്കുറിച്ചുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഏരീസ് കലാനിലയത്തിനുണ്ട്. ഓരോ വിദ്യാലയത്തിലും ഇതിനായി പ്രത്യേകം ഡ്രാമ ക്ലബ്ബുകള്‍ രൂപീകരിക്കും.