കേരള പൊലീസിൻ്റെ കംപ്യൂട്ടർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് ഒരു റുമേനിയക്കാരനായ യുവാവാണെന്ന് കണ്ടെത്തി പൊലീസ്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പറ്റിയുള്ള വിവരം പൊലീസിന് ലഭിച്ചത്. റുമേനിയ ബുച്ചാറെസ്റ്റിൽ താമസിച്ചിരുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആൻഡ് സിസ്റ്റംസിന് നേരെയാണ് യുവാവ് ഹാക്കിങ് ശ്രമം നടത്തിയത്.
പൊലീസിൻ്റെ ഡാറ്റാ സറ്റോറേജ് സംവിധാനമായ സിസിടിഎൻഎസിൽ കടന്ന് വിവരങ്ങൾ ചോർത്തിയെടുതെന്നാണ് യുവാവ് അവകാശപ്പെട്ടിരുന്നത്. പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ എല്ലാം പുറത്ത് വിടുമെന്നും യുവാവ് ഭീക്ഷണിപ്പെടുത്തിയിരുന്നു. ഹാക്ക് ചെയ്തു എന്ന് തെളിയിക്കാനായി തിരൂർ സ്റ്റേഷനിൽ നിന്ന് ചോർത്തിയെന്ന് അവകാശപ്പെടുന്ന മൂന്ന് രേഖകൾ നൽകി. എന്നാൽ പിന്നീട് ഉള്ള അന്വേഷണത്തിൽ ഈ രേഖകൾ രഹസ്യമായവ അല്ലെന്നും പൊതു പ്ലാറ്റ്ഫോമിൽ ലഭ്യമായവയാണെന്നും കണ്ടെത്തി. ഇതോടെ ഹാക്കറുടെ അവകാശവാദങ്ങൾ എല്ലാം പൊളിയുകയായിരുന്നു.
ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് സൈബർ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലേക്ക് പ്രതി ആരാണെന്ന് കണ്ടെത്തിയത്. ഇയാളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് രാജ്യാന്തര ഏജന്‍സികളുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പണത്തിന് വേണ്ടിയാണ് യുവാവ് ഇത്തരത്തിൽ ഹാക്കിങ് നടത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.