ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോജക്‌ടുകള്‍ക്ക് ശബ്ദം നല്‍കാനായി ഹോളിവുഡ് താരങ്ങള്‍ക്ക് മെറ്റ പ്ലാറ്റ്‌ഫോം ദശലക്ഷക്കണക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി ഹോളിവുഡ് താരങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നതിനാണ് കമ്പനി പണം മുടക്കുന്നത്. ടെക് ഭീമൻ ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗന്‍ മിഷേല്‍ കീ എന്നിവരുൾപ്പെടെ ഇതു സംബന്ധിച്ച് അഭിനേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ബ്ലൂംബെർഗും ദി ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുൾപ്പെടെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലുടനീളം ഈ സെലിബ്രിറ്റി ശബ്ദങ്ങൾ ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്‍ നടക്കുന്ന മെറ്റയുടെ കണക്ട് 2024 എന്ന പരിപാടിക്ക് മുന്നോടിയായി താരങ്ങളുമായി ധാരണയിലായേക്കുമെന്നും പുതിയ എഐ ടൂളുകള്‍ പരിപാടിയില്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ശബ്ദത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പല താരങ്ങളും തയ്യാറാവുന്നില്ലെന്നാണ് വിവരം. ഒരൊറ്റ പദ്ധതിയ്ക്ക് വേണ്ടി നിശ്ചിത കാലയളവിലേക്ക് നിരവധി ഉപയോഗങ്ങള്‍ക്കായി ശബ്ദങ്ങളുടെ അവകാശം സ്വന്തമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. എന്നാല്‍ ശബ്ദത്തിന്റെ ഉപയോഗത്തിന് പരിമിതികള്‍ വേണമെന്നാണ് ഹോളിവുഡ് താരങ്ങളുടെ ആവശ്യം. വിനോദ വ്യവസായത്തിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്‍റെ സ്വാധീനത്തെക്കുറിച്ച് ഹോളിവുഡിൽ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ തേടുന്നത് എന്നതും ശ്രദ്ധേയമാണ്.