നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാകുന്ന ‘എന്ന വിലൈ’ എന്ന സിനിമയിലൂടെ മലയാളി തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴിലേക്ക്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി നിർമിക്കുന്ന ഈ ചിത്രം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്നു. ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, ചിത്ത, ജിഗർത്താണ്ട ഡബിൾ എക്സ് എന്നീ വലിയ ഹിറ്റുകൾക്ക് ശേഷം നിമിഷ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ്.
നിമിഷ സജയനൊപ്പം കരുണാസ് മുഖ്യ വേഷത്തിൽ എത്തുന്നു. വൈ.ജി. മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണൻ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും വേഷമിടുന്നു
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ രാമേശ്വരത്ത് പൂർത്തിയായി. ചെന്നൈ ഗോകുലം സ്റ്റുഡിയോയിലും ചെന്നൈയുടെ മറ്റ് ഭാഗങ്ങളിലും റാമോജി ഫിലിം സിറ്റിയിലുമായി ചിത്രീകരിക്കുന്ന ‘എന്ന വിലൈ’ ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കും. പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകൾ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്.