സിക്കാഡ എന്ന ചിത്രം പുറത്തിറക്കുമ്പോൾ വലിയ ആശങ്കയുണ്ടായിരുന്നെന്ന് സംവിധായകൻ ശ്രീജിത്ത് ഇടവന. ഇത് ഒരു പരീക്ഷണ ചിത്രമാണ്. മലയാളത്തിൽ അധികം പരീക്ഷിക്കാത്ത മെറ്റലപ്റ്റിക്ക് കഥാഖ്യാന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് പ്രേക്ഷകർക്ക് മനസിലാകാതെ വരുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ ചില വിമർശനങ്ങൾ ഉണ്ടെങ്കിലും സിനിമ കണ്ടിറങ്ങിയ വലിയൊരു വിഭാഗം ചിത്രം ഇഷ്ടപ്പെട്ടു എന്നാണ് അറിയിക്കുന്നത്.
ഇത് വലിയ സന്തോഷം നൽകുന്നുവെന്നും ശ്രീജിത്ത് ഇടവന കൂട്ടിച്ചേർത്തു. ഒരേ സമയം യാഥാർത്ഥ്യം ഫാന്റസിയും ഇടകലർന്നുള്ള ആഖ്യാന രീതിയിലാണ് ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള അതിരുകളെ പശ്ചാത്തല സംഗീതംകൊണ്ടും ശബ്ദവിന്യാസംകൊണ്ടും ചേർത്തുനിർത്തിയിരിക്കുന്നു. പശ്ചാത്തല സംഗീത്തിന് ചിത്രത്തിൽ വലിയ പ്രധാന്യമാണ് ഉള്ളത്. ആദ്യം സംഗീതം കൊണ്ട് കഥാപരിസരം ഒരുക്കിയ ശേഷമാണ് കഥാപാത്രങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നത്. കാടും പരിസരവുമെല്ലാം പ്രേക്ഷകന് ഫീൽ ചെയ്യുമ്പോഴും അത് കഥാപാത്രങ്ങളിലേക്ക് എത്തുന്നില്ല എന്നൊരു സവിശേഷത കൂടി ചിത്രത്തിനുണ്ട്. ഇതിന്റെ കഥ തന്നിലേക്ക് എത്തിച്ചേർന്നത് ഒരു യാത്രക്കിടയിലാണെന്ന് സംവിധായകൻ പറയുന്നു. തീര്‍ണ ഫിലിംസ് ആന്റ് എന്‍റർടെയ്ൻമെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംഗീതസംവിധാനവും നിര്‍വഹിച്ചത് ശ്രീജിത്ത് ഇടവന തന്നെയാണ്. യുവ നടന്‍ രജിത് മേനോൻ പത്തു വര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ, കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക.