കുടുംബത്തോടോ സുഹൃത്തുക്കളോടോ ഉള്ള സംസാരത്തിനിടയില്‍ ഏതെങ്കിലും ഒരു ഫോണിനെക്കുറിച്ചോ, അല്ലെങ്കില്‍ വീട്ടിലേക്ക് ഒരു മിക്‌സി വാങ്ങുന്നതിനെക്കുറിച്ചോ നിങ്ങള്‍ പറഞ്ഞുവെന്നിരിക്കട്ടെ. പിന്നീടെപ്പോഴെങ്കിലും മൊബൈല്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഈ പറഞ്ഞ ഫോണിനെക്കുറിച്ചോ മിക്‌സിയെക്കുറിച്ചോ ഉള്ള പരസ്യം അതില്‍ കണ്ടിട്ടുണ്ടോ. ‘ശൈടാ ഇതിപ്പോ ഞാന്‍ പറഞ്ഞ കാര്യമാണല്ലോ എന്ത് അത്ഭുതമായിരിക്കുന്നു. ഞാന്‍ പറയുന്നതൊക്കെ ഈ മൊബൈല്‍ കേട്ടോ’ എന്നൊക്കെ ആശ്ചര്യപ്പെടേണ്ടി വന്ന അവസരം നമുക്ക് ഉണ്ടായിട്ടുണ്ടാവും അല്ലേ. എന്നാല്‍ ആ ആശ്ചര്യത്തില്‍ കാര്യമുണ്ട്. അലക്‌സയും സിരിയും പോലുള്ള വോയ്‌സ് അസിസ്റ്റന്റുമാരും ഗൂഗിള്‍ അസിസ്റ്റന്റുമാരും ഒക്കെ നിങ്ങളുടെ സംഭാഷണം കേള്‍ക്കുന്നുണ്ടെന്ന് സാരം.എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നല്ലേ.
എങ്ങനെ ഫോണുകള്‍ നിങ്ങളുടെ സംഭാഷണം കേള്‍ക്കുന്നു
നിങ്ങള്‍ക്ക് ടാസ്‌കുകള്‍ എളുപ്പമാക്കാനാണല്ലോ അലക്‌സയും സിരിയും ഗൂഗിളും പോലുളള വോയ്‌സ് അസിസ്റ്റൻ്റ്സ് ഉപയോഗിക്കുന്നത്. അതിന്റെ മൈക്രോഫോണുകളുടെ പരിധിക്കുളളില്‍ നിന്ന് നിങ്ങള്‍ എന്ത് സംസാരിച്ചാലും അത് അവര്‍ സ്വീകരിക്കും. ഹേയ് അലക്‌സ, ഹേയ് സിരി പോലെയുളള വേക്ക് കീവേഡുകള്‍ ഉപയോഗിക്കുമ്പോൾ എവിടെ നിന്നാണ് ശബ്ദം വരുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്ന രീതിയിലാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വോയ്‌സ് അസിസ്റ്റന്റ് നമ്മൾ പറയുന്നതിലെ ചില കീവേഡുകൾ സ്‌പോട്ട് ചെയ്ത് ക്ലൗഡ് സെര്‍വറിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കുടുംബവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍, രണ്ട് ആളുകള്‍ തമ്മിലുള്ള രഹസ്യ സംഭാഷണം ഇവയെല്ലാം അസിസ്റ്റന്റുകള്‍ നിങ്ങളുടെ അറിവില്ലാതെ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യും. നിങ്ങള്‍ എന്തെങ്കിലും കണ്ടെത്താനായി ഗൂഗിള്‍ അസിസ്റ്റന്റിനോടോ സിരിയോടൊ ആവശ്യപ്പെടുമ്പോള്‍ ടാര്‍ഗറ്റ് ചെയ്ത പരസ്യങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു.