മൊബൈൽ ആപ്പുകൾ യൂസേഴ്സിന്റെ അനുമതിയില്ലാതെ തന്നെ ഫോണുകളിലെ മൈക്രോഫോണുകളും ക്യാമറകളും ഉപയോഗിക്കുന്നതായും യൂസേഴ്സിനെ ട്രാക്ക് ചെയ്യുന്നതായുമുള്ള ആരോപണങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിനെതിരെയാണ് ഈ രീതിയിലുള്ള ആരോപണം അവസാനമായി കേട്ടത്. അനുമതിയില്ലാതെ ഡിവൈസിന്റെ മൈക്രോഫോൺ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നായിരുന്നു പരാതി ഉയർന്നത്.
വാട്സ്ആപ്പിനെതിരെ ആരോപണം ഉന്നയിച്ചത് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ എഞ്ചിനീയർമാരിൽ ഒരാളാണെന്നതാണ് ഏറ്റവും രസകരം. യൂസർ ഉറങ്ങിക്കിടക്കുമ്പോൾ പോലും ഫോണിന്റെ മൈക്രോഫോൺ വാട്സ്ആപ്പ് ഉപയോഗിക്കുന്നുവെന്ന് കാണിക്കാൻ ആൻഡ്രോയിഡ് ഡാഷ്ബോർഡിന്റെ സ്ക്രീൻഷോട്ടും ഇയാൾ പങ്ക് വച്ചിരുന്നു. തൊട്ട് പിന്നാലെ വാട്സ്ആപ്പിനെ വിശ്വസിക്കാൻ കൊള്ളാത്ത പ്ലാറ്റ്ഫോമെന്ന് വിമർശിച്ച് ട്വിറ്റർ സിഇഒ ഇലോൺ മസ്കും രംഗത്തെത്തി.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വാട്സ്ആപ്പ് യഥാർഥ പ്രശ്നം ആൻഡ്രോയിഡിലെ ഒരു ബഗ്ഗാണെന്നും വിശദീകരിച്ചിരുന്നു. വാട്സ്ആപ്പിനെതിരായ ആരോപണങ്ങൾ ശരിയോ തെറ്റോ ആകട്ടെ. യൂസേഴ്സിന്റെ അറിവോ സമ്മതമോ കൂടാതെ ഡിവൈസുകളിലെ മൈക്രോഫോണുകളും ക്യാമറകളും ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ അടുത്ത കാലത്തായി പുറത്ത് വന്നിട്ടുണ്ട്. യൂസർ അറിയാതെ തന്നെ സ്വകാര്യ സംഭാഷണങ്ങളും വീഡിയോകളുമൊക്കെ റെക്കോർഡ് ചെയ്യാനും മറ്റും ഈ ആപ്പുകൾക്ക് സാധിക്കുമെന്ന സാഹചര്യം ഉയർത്തുന്ന സ്വകാര്യത പ്രശ്നങ്ങൾ എറെ ഗുരുതരവുമാണ്.
ഡിജിറ്റൽ യുഗത്തിൽ സ്വകാര്യത, സുരക്ഷിതത്വം തുടങ്ങിയ വാക്കുകൾക്ക് പറയത്തക്ക അർഥമൊന്നുമില്ലെന്നതാണ് യാഥാർഥ്യം. എന്നാൽ തന്നെയും സ്വകാര്യത സംരക്ഷിക്കാൻ ചെയ്യാവുന്നതൊക്കെ ചെയ്യുകയും വേണം. ആപ്പുകൾ നമ്മുടെ സ്വകാര്യത കോംപ്രമൈസ് ചെയ്യുന്നത് നാം തന്നെ നൽകിയ ഡിവൈസ് പെർമിഷനുകളും ആക്സസും ദുരുപയോഗം ചെയ്താണെന്നതാണ് ഏറ്റവും അലോസരപ്പെടുത്തുന്ന കാര്യം. ഒരു ആപ്ലിക്കേഷന് മൈക്രോഫോണിലേക്കോ ക്യാമറയിലേക്കോ ആക്സസ് ലഭ്യമാണോയെന്നും അവ പശ്ചാത്തലത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ടോയെന്നുമറിയാനുമുള്ള ടിപ്സ് പരിചയപ്പെടാൻ തുടർന്ന് വായിക്കുക (App).
ഐഫോണിൽ ആപ്പ് പെർമിഷനുകൾ മനസിലാക്കാൻ : ഇതിനായി ആദ്യം സെറ്റിങ്സ് ആപ്ലിക്കേഷനിലേക്ക് പോകണം. ആപ്പ് തുറന്ന് താഴേക്ക് സ്ക്രോൾ ചെയ്താൽ പ്രൈവസി ഓപ്ഷൻ കാണാൻ കഴിയും. ഈ ഓപ്ഷനിൽ ടാപ്പ് ചെയ്യണം. തുറന്ന് വരുന്ന ഓപ്ഷനുകളിൽ നിന്ന് മൈക്രോഫോണോ ക്യാമറയോ സെലക്റ്റ് ചെയ്യുക. അവയിലേക്ക് ആക്സസ് ഉള്ള ആപ്പുകൾ ഏതൊക്കെയാണെന്ന് കാണാൻ കഴിയും. ഏതെങ്കിലും ആപ്പിന്റെ ആക്സസ് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അവയുടെ വശത്തുള്ള ടോഗിൾ ബട്ടൺ ഉപയോഗപ്പെടുത്താൻ കഴിയും. ആപ്പുകൾ മൈക്രോഫോണോ ക്യാമറയോ ഉപയോഗിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ : നിങ്ങളുടെ ഐഫോൺ സ്ക്രീനിന്റെ മുകളിലുള്ള സ്റ്റാറ്റസ് ബാർ നിരീക്ഷിക്കുക. ഗ്രീൻ ഡോട്ട് ക്യാമറ തത്സമയം ഉപയോഗിക്കപ്പെടുന്നതായും ഓറഞ്ച് ഡോട്ട് മൈക്രോഫോൺ ഉപയോഗിക്കപ്പെടുന്നതായും സൂചിപ്പിക്കുന്നു. മറ്റൊരു മാർഗത്തിൽ കൂടെയും ഇത് മനസിലാക്കാൻ കഴിയും. സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്ത് കൺട്രോൾ സെന്റർ തുറക്കുക. ഇവിടെ നിലവിൽ മൈക്രോഫോണോ ക്യാമറയോ ഉപയോഗിക്കുന്ന ആപ്പുകൾ ഡിസ്പ്ലെ ചെയ്തിരിക്കും.
ആൻഡ്രോയിഡിൽ ആപ്പ് പെർമിഷനുകൾ മനസിലാക്കാൻ : ആദ്യം ആൻഡ്രോയിഡ് സെറ്റിങ്സ് ആപ്പ് തുറക്കുക. തുടർന്ന് പ്രൈവസി ഓപ്ഷൻ സെലക്റ്റ് ചെയ്യുക. തുടർന്ന് ആപ്പ് & നോട്ടിഫിക്കേഷൻസും സെലക്റ്റ് ചെയ്യണം. പെർമിഷനുകൾ പരിശോധിക്കേണ്ട ആപ്പ് സെലക്ററ് ചെയ്യണം. ആപ്പിലെ പെർമിഷൻ ലിസ്റ്റ് ചെക്ക് ചെയ്താൽ മൈക്രോഫോണിനും ക്യാമറയ്ക്കും ആക്സസ് നൽകിയിട്ടുണ്ടോ എന്നറിയാൻ കഴിയും. ചില ആൻഡ്രോയിഡ് ഫോണുകളിൽ പ്രൈവസി ഓപ്ഷനിൽ നിന്ന് നേരിട്ട് പെർമിഷൻ മാനേജറിലേക്കും പോകാൻ സാധിക്കും.
ആൻഡ്രോയിഡിൽ മൈക്രോഫോണിന്റെയും ക്യാമറയുടെയും ഉപയോഗം മനസിലാക്കാൻ : സ്ക്രീനിന്റെ മുകളിലുള്ള നോട്ടിഫിക്കേഷൻ പാനൽ ആക്സസ് ചെയ്യുക. സ്റ്റാറ്റസ് ബാറിൽ മൈക്രോഫോൺ ക്യാമറ ഐക്കണുകൾ കാണുന്നുണ്ടെങ്കിൽ ഇവ ഉപയോഗിക്കപ്പെടുന്നുവെന്നാണ് അർഥം. ഈ ഐക്കണുകളിൽ ക്ലിക്ക് ചെയ്താൽ ഏത് ആപ്പാണ് ഇവ ഉപയോഗിക്കുന്നതെന്നും മനസിലാക്കാൻ സാധിക്കും. ഈ ലളിതമായ മാർഗങ്ങളിലൂടെ യൂസേഴ്സിന് ആപ്പ് പെർമിഷനുകൾ മാനേജ് ചെയ്യാനും പ്രൈവസി സംരക്ഷിക്കാനും കഴിയും.