ഡിജിറ്റൽ പണമിടപാടിനെ ലളിതവത്കരിച്ച സംവിധാനമാണ് യുപിഎ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ രാജ്യത്തേറ്റവും അധികം ഉപയോഗിക്കപ്പെടുന്ന യുപിഐ സേവനങ്ങളിൽ ഒന്നായ ഗൂഗിൾ പേ തങ്ങളുടെ സേവനങ്ങൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. യുപിഐ അക്കൌണ്ട് ക്രിയേറ്റ് ചെയ്യുന്നതിലും ആക്റ്റിവേറ്റ് ചെയ്യുന്നതിലുമാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ഗൂഗിൾ പേയിൽ യുപിഐ അക്കൌണ്ട് (UPI Account) ഉണ്ടാക്കാൻ ഡെബിറ്റ് കാർഡുകൾ (എടിഎം കാർഡുകൾ) ആവശ്യമില്ലെന്നതാണ് പുതിയ അപ്ഡേറ്റ്. അത് പോലെ തന്നെ അക്കൌണ്ട് സജീവമാക്കാനും ഇനി ഡെബിറ്റ് കാർഡുകൾ ആവശ്യം വരുന്നില്ല. യുപിഎ അക്കൌണ്ട് തുടങ്ങാൻ ഇനി ആധാർ മാത്രം മതി. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചാണ് ആധാർ നമ്പറുകൾ ഉപയോഗിച്ച് യുപിഐ ആക്റ്റിവേറ്റ് ചെയ്യാനുള്ള അവസരം ഗൂഗിൾ പേ തങ്ങളുടെ യൂസേഴ്സിന് നൽകുന്നത്.
രാജ്യത്തെ ഭൂരിഭാഗം ആളുകളുടെയും കൈവശം ആധാർ കാർഡുകളുണ്ട്. പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ 99.9 ശതമാനം ആളുകളും ആധാർ കാർഡ് ഉടമകളാണെന്നാണ് കണക്കുകൾ പറയുന്നത്. സർക്കാർ സേവനങ്ങൾ മുതൽ വെരിഫിക്കേഷൻ ഉപയോഗപ്പെടുത്തുന്ന എല്ലാത്തരം സർവീസുകൾക്കും ഇന്ന് അധാർ കാർഡുകൾ ആവശ്യവുമാണ്. ഈയൊരു സാഹചര്യത്തിലാണ് യുപിഐയ്ക്കായി ആധാർ ബേസ്ഡ് ഓൺബോർഡിങ് ഓപ്ഷൻ ഗൂഗിൾ പേ അവതരിപ്പിക്കുന്നത്. യുപിഐ സേവനങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്കും കൂടുതൽ യൂസേഴ്സിനെ ആകർഷിക്കാമെന്നാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സപ്പോർട്ട് ചെയ്യുന്ന ബാങ്കുകളുടെ അക്കൌണ്ടുകൾ ഉപയോഗിക്കുന്ന യൂസേഴ്സിന് ഈ ഫീച്ചർ ഇപ്പോൾ തന്നെ ലഭ്യവുമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ സെറ്റ് ചെയ്യാൻ താത്പര്യമില്ലാത്ത യൂസേഴ്സിന് ഒരു ആൾട്ടർണേറ്റീവ് സൈൻ-അപ്പ് രീതി എന്ന നിലയിലാണ് പുതിയ (Google Pay) ഫീച്ചറിനെ കാണേണ്ടത്. ആധാർ കാർഡുമായും ബാങ്ക് അക്കൗണ്ടുമായും ഒരേ ഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഓൺബോർഡിങ് പ്രോസസിന് മുമ്പ് തന്നെ ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഇതിനൊപ്പം തന്നെ ബാങ്ക് അക്കൗണ്ടും ആധാർ അക്കൗണ്ടും തമ്മിൽ ലിങ്ക് ചെയ്യുകയും വേണം. ഈ പുതിയ സർവീസിന് സപ്പോർട്ട് നൽകുന്ന ബാങ്കുകളുടെ യൂസേഴ്സിന് മാത്രമാണ് നിലവിൽ ആധാർ അധിഷ്ഠിത ഓൺബോർഡിങ് രീതി ലഭ്യമാകുന്നത്. ഭാവിയിൽ കൂടുതൽ ബാങ്കുകൾക്കൊപ്പം സമാനമായ സർവീസ് ഗൂഗിൾ നൽകുമെന്നും പ്രതീക്ഷിക്കാം. ഡെബിറ്റ് കാർഡ് ഇല്ലാതെ ആധാർ നമ്പർ (Aadhaar card) ഉപയോഗിച്ച് യുപിഐ അക്കൗണ്ട് സജ്ജീകരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഫോണിൽ ഗൂഗിൾ പേ ആപ്പ് ഇല്ലാത്തവർ ആദ്യമത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം.
തുടർന്ന് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ സെറ്റപ്പ് സ്ക്രീനിൽ Verify using Debit / ATM card, Verify using Aadhar എന്നീ രണ്ട് ഓപ്ഷനുകൾ കാണാൻ കഴിയും.
ഇവയിൽ നിന്നും ആധാർ ഓപ്ഷൻ സെലക്റ്റ് ചെയ്യുക തുടർന്ന് നിങ്ങളുടെ ആധാർ നമ്പറിന്റെ ആദ്യത്തെ ആറ് അക്കങ്ങൾ നൽകണം ഇതിന് ശേഷം പേയ്മെന്റുകൾക്കായുള്ള പിൻ നമ്പർ സൃഷ്ടിക്കാനുള്ള പ്രോംപ്റ്റ് വരും പിൻ കൺഫേം ചെയ്ത് ശേഷം നിങ്ങളുടെ ഫോണിലേക്ക് ആറക്ക ആധാർ ഒടിപിയും വരും ഇതിന് ശേഷം ബാങ്ക് ഒടിപി വെരിഫിക്കേഷനും പൂർത്തിയാക്കണം.
തുടർന്ന് ആറക്ക യുപിഐ പിന്നും സെറ്റ് ചെയ്യണം
ഇത്രയും സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ യൂസേഴ്സിന് ഗൂഗിൾ പേ വഴി ഇടപാടുകൾ നടത്താൻ കഴിയും. ആധാര് നമ്പര് ഉപയോഗിച്ചുള്ള വെരിഫിക്കേഷൻ നടപടികൾക്കിടയിൽ സേവനവുമായി ബന്ധപ്പെട്ട ഡാറ്റയൊന്നും ഗൂഗിൾ പേയ്ക്ക് ലഭിക്കില്ലെന്നാണ് കമ്പനി പറയുന്നത്. ആധാർ നമ്പർ വെരിഫൈ ചെയ്യുന്നത് യുഐഡിഎഐ നേരിട്ടായിരിക്കും. ഇതിനാൽ തന്നെ ആധാർ നമ്പർ ശേഖരിക്കാനും ഗൂഗിളിന് സാധിക്കില്ലെന്നാണ് വിശദീകരണം.