ചന്ദ്രനില്‍ പര്യവേഷണം നടത്തുകയെന്ന ലക്ഷ്യത്തില്‍ 2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ ചന്ദ്രയാന്‍ 2 ദൗത്യം പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ശേഖരിക്കാനായി. മുന്‍ അനുഭവങ്ങളുടെ കരുത്തില്‍ പഴുതടച്ച ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഐ.എസ്.ആര്‍.ഒ.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ജൂലൈ 12നും 19നും ഇടയില്‍ അനുയോജ്യമായ സമയത്ത് ചാന്ദ്രയാന്‍ 3യുടെ വിക്ഷേപണം നടക്കുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. റോക്കറ്റിന്റെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത് ജൂണ്‍ 30 പൂര്‍ത്തിയാവും. ജൂലൈ 12ന് മുമ്പ് റോക്കറ്റവും ഉപഗ്രഹവും വിക്ഷേപണ തറയും പൂര്‍ണ സജ്ജമാക്കാനാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന് ഐഎസ്ആര്‍ഒ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചന്ദ്രനില്‍ മുന്‍ നിശ്ചയിച്ച സ്ഥലത്ത് ഇറങ്ങുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടാല്‍ പുതിയ സ്ഥലത്തേക്കു മാറാനാവുമെന്നതാണ് ചന്ദ്രയാന്‍ 3ന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3യിലായിരിക്കും ചന്ദ്രയാന്‍ 3 വിക്ഷേപിക്കുക. ലാന്‍ഡറും റോവറും ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് റോക്കറ്റിന്റെ ചുമതല.
ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിലുള്ളതാണ്. രണ്ടാം ദൗത്യത്തില്‍ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഇസ്രോക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ ദൗത്യം ലാന്‍ഡര്‍ സുരക്ഷിതമായി ഇറക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. സോഫ്റ്റ്‌വെയറിലെ പിഴവാണ് ചന്ദ്രയാന്‍ രണ്ട് പരാജയത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് മൂന്നാം ദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.
ചന്ദ്രയാന്‍ 3 ദൗത്യത്തിന് സ്വന്തമായി ഓര്‍ബിറ്റര്‍ ഉണ്ടാവില്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെ പ്രയോജനപ്പെടുത്തും. ഇതുവഴി ഐഎസ്ആര്‍ഒക്ക് ചിലവു ചുരുക്കാനും സാധിക്കും. ചന്ദ്രനു ചുറ്റും കറങ്ങുന്ന ഓര്‍ബിറ്ററിലേക്ക് ലാന്‍ഡറും റോവറും എത്തിക്കും. ചന്ദ്രനിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ലാന്‍ഡറിലായിരിക്കും ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിക്കുന്ന വാഹനമായ റോവര്‍ ഉണ്ടാവുക. ലാന്‍ഡര്‍ സുരക്ഷിതമായി ഇറങ്ങിയാല്‍ റോവര്‍ എന്ന ചെറു വാഹനം ഉപയോഗിച്ചായിരിക്കും ചന്ദ്രനില്‍ പര്യവേഷണം നടത്തുക.
ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറിലും ചന്ദ്രനിലൂടെ സഞ്ചരിക്കുന്ന റോവറിലും പരീക്ഷണങ്ങള്‍ നടത്താനുള്ള ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിനുള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡര്‍ ഇറക്കുകയെന്നതാണ് ആദ്യത്തേത്. റോവര്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ ഓടിക്കുകയെന്നതാണ് രണ്ടാമത്തേത്. ചന്ദ്രനില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയെന്നതാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ മൂന്നാമത്തേയും അവസാനത്തേയും ലക്ഷ്യം.