96 മണിക്കൂർ എന്ന നിർണായ സമയം പിന്നിട്ടപ്പോഴും അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു, എന്നാൽ, അറ്റ്ലാന്റിക്കിന്റെ മടിത്തട്ടിൽനിന്ന് കണ്ടെത്തിയ ഓഷൻ ഗേറ്റ് ടൈറ്റൻ എന്ന പേടകത്തിന്റെ ചില യന്ത്രഭാഗങ്ങൾ എല്ലാ പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട്, മറ്റൊരു ചരിത്ര ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വാർത്തകളിലേക്ക് ലോകത്തെ കൂട്ടിക്കൊണ്ടുപോയി.
അതെ, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സമുദ്രാന്തർ ഭാഗത്തേക്ക് പോയ ടൈറ്റൻ എന്ന പേടകത്തിന്റെ ഭാഗങ്ങളാണ് കടലിനടിയിൽ കണ്ടെത്തിയത്. ഒരു സ്ഫോടനത്തിലൂടെ പേടകം തകർന്നിരിക്കാമെന്നും ഉള്ളിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായാണ് കണക്കാക്കുന്നതെന്നും യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍.
ആഢംബരത്തിന്റെ അവസാന വാക്ക് എന്ന വിശേഷണവും 2200 പേരുമായി കന്നിയാത്ര പുറപ്പെട്ട ടൈറ്റാനിക് എന്ന ആഢംബരക്കപ്പൽ, മഞ്ഞുമലയിലിടിച്ച് ഒടുവിൽ അറ്റ്ലാന്റിക്കിന്റെ കലങ്ങിമറിഞ്ഞ അടിത്തട്ടിൽ അടിഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ കപ്പൽ ദുരന്തം എന്ന വിശേഷണമാണ് ചരിത്രം പിന്നീട് ടൈറ്റാനിക്കിന് ചാർത്തി നൽകിയത്.
അപകടത്തിലൂടെ ചരിത്രമായി മാറിയ ടൈറ്റാനിക്ക് കാണാൻ വിനോദസഞ്ചാരികളുമായി പോയിരുന്ന ടൈറ്റനും ഒടുവിൽ ടൈറ്റാനിക്കിനെപ്പോലെ തന്നെ അറ്റ്ലാന്റിക്കിന്റെ മടിയിൽ അന്ത്യവിശ്രമം. ടൈറ്റാനിക്കും ടൈറ്റനും ചരിത്രത്തിലെ ദുരന്ത നാമങ്ങളായി മാറുമ്പോൾ പേരിലുള്ള അവയുടെ ഈ സാമ്യം ആഢംബരത്തിന്റെ കാര്യത്തിലും കാണാൻ സാധിക്കും. എന്നാൽ അത് രണ്ട് തരത്തിൽ ആയിരുന്നു എന്നുമാത്രം.
ടൈറ്റാനിക്ക് ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പൽ എന്ന നിലയിലാണ് യാത്ര നടത്തിയിരുന്നത്. ടൈറ്റാനിക്കിന്റെ അത്ര ആഡംബരമൊന്നും ടൈറ്റനിൽ ഇല്ല, എന്തിനേറെപ്പറയുന്നു, ശരിക്കും ഒന്ന് ഇരിക്കാനുള്ള സൗകര്യം പോലും ടൈറ്റനിൽ ഇല്ല. പിന്നെയും എന്തുകൊണ്ടാണ് ടൈറ്റനിലെ യാത്ര ആഢംബരമാകുന്നത് എന്ന് ചോദിച്ചാൽ അതിലെ യാത്രയ്ക്കുള്ള ചെലവ് ആണ് ടൈറ്റനെ ‘ആഢംബരവാഹന’മാക്കിമാറ്റുന്നത് എന്നതാണ് അതിന്റെ ഉത്തരം.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള എട്ടു ദിവസത്തെ പര്യവേക്ഷണത്തിന് സഞ്ചാരികളിൽനിന്ന് 250000 ഡോളർ (ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ) ആണ് ഓഷൻഗേറ്റ് ഈടാക്കുന്നത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ നിന്ന് 370 മൈൽ അകലെ 12,500 അടി താഴ്ചയിലാണ് ടൈറ്റാനിക് മുങ്ങിക്കിടക്കുന്നത്. ഇവിടേക്കുള്ള ഒരുയാത്രയിൽ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവ്.
കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും സജ്ജീകരിച്ചിട്ടില്ലാത്ത ഈ പേടകത്തിലെ യാത്രയ്ക്ക് പ്രത്യേക പരിശീലനങ്ങൾ ഒന്നുമില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. കോടികൾ മുടക്കാൻ കഴിയുമെങ്കിൽ ആർക്കും യാത്രചെയ്യാം. 18 വയസ് പൂർത്തിയായിരിക്കണം എന്നതും പരിമിതമാസ സീറ്റിങ് സീറ്റിങ് സംവിധാനങ്ങളോട് അഡ്ജസ്റ്റ് ചെയ്യണം എന്നതുമാണ് നിബന്ധന. യാത്രയ്‌ക്കു മുൻപ് സുരക്ഷ സംബന്ധിച്ച് ചെറിയ വിവരണവും നൽകും. കൂടുതലൊന്നുമില്ല.
2015ലാണ് ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടർന്ന് ടൈറ്റാനിക്കിന്റെ ദുരന്ത കാഴ്ചകൾ വരുമാനമാക്കി മാറ്റാനുള്ള ചിന്തയിൽ ടൈറ്റാനിക്ക് സന്ദർശന യാത്രകൾ ആരംഭിക്കുകയായിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ ഏറ്റവും അടുത്തു കാണാം എന്നതാണ് ഓഷൻഗേറ്റ് എക്സിപിഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റന്റെ പ്രത്യേകത. അതിന് അനുയോജ്യമായ വിധത്തിലായിരുന്നു ടൈറ്റന്റെ നിർമാണം.
25,000 പൗണ്ട് ഭാരമുള്ള ടൈറ്റൻ അന്തർവാഹിനിക്ക് ടൈറ്റാനിയം ക്രൂ കമ്പാർട്ട്‌മെന്റും കാർബൺ ഫൈബർ ഹളും ഉണ്ട്. സാധാരണ അന്തർ വാഹിനികളിൽനിന്ന് വ്യത്യസ്തമാണ് ഇതിന്റെ പ്രവർത്തനം. ഒരു കപ്പലിന്റെ സഹായത്തോടെയാണ് പര്യവേക്ഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സബ്‌മെർസിബിളിനെ എത്തിക്കുക. ഡൈവിനു ശേഷം ബാലസ്റ്റ് ടാങ്കുകളിൽ വായു നിറച്ച് സബ്‌മെർസിബിളിനെ ഉപരിതലത്തിലേക്ക് തിരിച്ചെത്തിക്കുന്നു.
യാത്രക്കാർ ഉള്ളിൽക്കയറിയ ശേഷം പുറത്തുനിന്ന് 17 ബോൾട്ടുകൾ ഉപയോഗിച്ചാണ് ടൈറ്റന്റെ ‘വാതിൽ’ അടയ്ക്കുന്നത്. പിന്നീട് ജലോപരിതലത്തിൽ എത്തിയാലും പുറത്തുനിന്നുള്ളവർ ഈ ബോൾട്ടുകൾ അഴിച്ചാൽ മാത്രമേ ഉള്ളിലുള്ളവർക്ക് പുറത്തെത്താനാകൂ. കാർബൺ ഫൈബറും ടൈറ്റനിയവും കൊണ്ടു നിർമിച്ച ടൈറ്റന് 23,000 പൗണ്ട് ( 10,432 കിലോഗ്രാം ) ഭാരമുണ്ട്.
അഞ്ച് പേരെ ഉൾക്കൊള്ളുന്ന ടൈറ്റനിൽ 70- 96 മണിക്കൂർ വായുസംഭരണശേഷിയാണുള്ളത്. 18ന് ഞായർ പുലർച്ചെ 1.30(ഇന്ത്യൻസമയം) യാത്ര ആരംഭിച്ച ടൈറ്റൻ, പര്യവേക്ഷണം തുടങ്ങി ഒരു മണിക്കൂർ 45 മിനിറ്റ് പിന്നിട്ടപ്പോൾ അപ്രത്യക്ഷമാകുകയായിരുന്നു. പരമാവധി 96 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനേ അതിൽ ഉള്ളൂ എന്നതിനാലും ഉള്ളിലുള്ളവർക്ക് സ്വയം പുറത്തിറങ്ങാൻ കഴിയാത്തതിനാലും തീവ്രമായ തിരച്ചിലാണ് നടത്തിയത്.
എന്നാൽ എല്ലാ പ്രതീക്ഷകളും വിഫലമാക്കിക്കൊണ്ട് ടൈറ്റന്റെ അവശിഷ്ടങ്ങളാണ് കണ്ടെടുക്കാനായത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിൽനിന്നു ഏകദേശം 1,600 അടി അകലെയാണ് ടൈറ്റന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. യാത്രക്കാർ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും മൃതദേഹങ്ങൾ കണ്ടെത്തുമോ എന്നതിൽ വ്യക്തതയില്ല.
എൻഗ്രോ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് പൗരനായ പോൾ ഹെൻറി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവർ പര്യവേക്ഷണ വാഹനത്തിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാർഡ് പ്രതികരിച്ചു.