എങ്ങനെയാണ് തിരമാലകള്‍ക്ക് ചതുരാകൃതിയില്‍ ഒഴുകാന്‍ സാധിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. കാരണം കണ്ടു പരിചയിച്ച തിരമാലകളെല്ലാം ഒരേ നീളത്തിൽ ഒന്നിനു പിന്നാലെ ഒന്നായാണ് തീരത്തേക്കെത്തുന്നത്. ഇതേ തിരമാലകള്‍ സമചതുരാകൃതിയിലോ, ദീര്‍ഘ ചതതുരാകൃതിയിലോ തീരത്തേക്കെത്തുന്ന പ്രതിഭാസമാണ് ക്രോസ് സീ. ഒന്നിലധികം ദിശയില്‍ നിന്നുള്ള ഓഷ്യന്‍ കറന്‍റുകള്‍ കൂട്ടി മുട്ടുമ്പോഴാണ് ഈ ക്രോസ് സീ പ്രതിഭാസം സംഭവിക്കുക.
തീരത്തോടു ചേര്‍ന്ന് തീരമാലകള്‍ ശക്തിയാര്‍ജിക്കുമ്പോഴാണ് ഈ ക്രോസ് സീ രൂപപ്പെടുന്നത്. വലിയ പൈപ്പുകളോ, മറ്റോ ഇട്ടു കടലില്‍ ചതുര രൂപങ്ങള്‍ സൃഷ്ടിച്ചതാണെന്നേ ഈ പ്രതിഭാസത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നൂ. അത്ര കൃത്യതയോടെയാണ് തിരമാലകളില്‍ ചതുരക്കട്ടകള്‍ രൂപപ്പെടുന്നത്. മിനിട്ടുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുകയും അതുപോലെ തന്നെ മറഞ്ഞു പോവുകയും ചെയ്യുന്ന ഒന്നാണ് ക്രോസ് സീ. അതീവ അപകടകാരികളുമാണ് ഈ ചതുര തിരമാലകൾ.
വലിയ മുന്നറിയിപ്പുകള്‍ ഒന്നും കൂടാതെ പ്രത്യക്ഷപ്പെടുന്നവയായതിനാല്‍ ക്രോസ് സീകള്‍ പലപ്പോഴും മനുഷ്യരുടെ ജീവനെടുക്കാറുണ്ട്. കടലില്‍ നീന്തുന്നവരെ മാത്രമല്ല ബോട്ടുകളില്‍ സഞ്ചരിക്കുന്നവര്‍ക്കു പോലും ഭീഷണിയാണ് ക്രോസ് സീകള്‍. രണ്ട് വശത്ത് നിന്നും നേര്‍ക്കു നേര്‍ വരുന്ന തിരമാലകളാണ് ഇതിനിടയില്‍പെട്ടവരെ പ്രതിസന്ധിയിലാക്കുക. പുറത്തേക്കു കടക്കാനാകാതെ തിരമാലകളുടെ നാല് അതിരുകള്‍ക്കുള്ളില്‍ കുടുങ്ങി പോവുകയാണ് ചെയ്യുക.
സാധാരണ തിരമാലകളിലും വലുപ്പത്തിലാണ് ഈ തിരമാലകള്‍ കാണപ്പെടുന്നതും. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ ക്രോസ് സീ പ്രതിഭാസം ഉണ്ടാകാറുണ്ട്.അതുകൊണ്ട് തന്നെ സീ വാള്‍ എന്ന വിളിപ്പേരും ഈ ക്രോസ് സീ പ്രതിഭാസത്തിനുണ്ട്. ഇങ്ങനെ ക്രോസ് സീ പ്രതിഭാസം കടലില്‍ കണ്ടാല്‍ അവിടേക്കിറങ്ങാതാരിക്കുക, കടലില്‍ നീന്തുന്നതിനിടെ ഇവ രൂപപ്പെട്ടാല്‍ എത്രയും പെട്ടെന്നു തീരത്തേക്കെത്തുക എന്നിവയാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.ഒബ്ലിക് ആങ്കിളില്‍ വരുന്ന രണ്ടു തിരമാലകളുടെ കൂട്ടിമുട്ടലാണ് ക്രോസ് സീക്ക് കാരണമാകുന്നത്.
ചെരിഞ്ഞ് തിരമാലകള്‍ വരുമ്പോഴാണ് പരസ്പരം കൂട്ടിമുട്ടുകയും തിരമാലകള്‍ തീരത്തേക്കു നേരിട്ടു പോകുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുക. കാറ്റാണ് തിരമാലകളുടെ ദിശ തെറ്റിക്കുന്നതിന് പ്രധാന കാരണമാകുക. ഇങ്ങനെ ഒരു ഭാഗത്ത് നിന്നുള്ള തിരമാലകളെ കാറ്റ് തള്ളുമ്പോള്‍ മറുഭാഗത്ത് എതിര്‍ ദിശയില്‍ നിന്നുള്ള തിരമാലയും തള്ളല്‍ സൃഷ്ടിക്കും. ഈ സമയത്താണ് ക്രോസ് സീ എന്ന് വിളിക്കപ്പെടുന്ന ചതുരാകൃതിയിലുള്ള തിരമാലകള്‍ ഉണ്ടാകുന്നത്.
കഡോമ്സേവ് – പീട്‌വിയാഴ്ഷ്‍വിലി ഇക്വേഷന്‍ എന്ന് ഗണിത ശാസ്ത്രജ്ഞന്‍മാരും ഭൗതികശാസ്ത്രജ്ഞരും വിളിക്കുന്ന ഒരു ഗണിത വ്യവസ്ഥയുടെ ഉദാഹരണം കൂടിയാണ് ഈ ക്രോസ് സീ പ്രതിഭാസം. തിര പോലെ കാണപ്പെടുന്ന എന്തിന്‍റെയും, ക്രമരഹിതമായ സഞ്ചാരത്തെയും രണ്ട് കാലാവസ്ഥാ പ്രതിഭാസങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനത്തെയും വിശദീകരിക്കാനാണ് ഈ ഗണിത സമവാക്യം സാധാരണ ഉപയോഗിക്കുന്നത്