സ്ഥിരമായി സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന ആളുകൾ ആണോ നിങ്ങൾ. എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. സോഷ്യൽ മീഡിയ കമന്റുകൾ വഴിയോ പോസ്റ്റുകൾ കഴിയോ ഉപഭോക്താക്കളെ ആരെങ്കിലും ചീത്ത പറയുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും? തിരിച്ചും ചീത്ത പറയുമോ? വേണ്ട ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് നിങ്ങൾക്ക് അറിയാമോ? ഫെയിസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ത്രെഡ്സ് തുടങ്ങി നിരവധി സോഷ്യൽ മീഡിയകളാണ് ഇപ്പോൾ സജീവമായി നിൽക്കുന്നത്. ഭൂരിഭാഗം ആളുകളും ഇതെല്ലാം ഉപയോഗിക്കുന്നവരുമാണ്. ഇത് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും സോഷ്യൽ മീഡിയ തെറിവിളികൾക്ക് ഇരിയായിട്ടുണ്ടാകാം. കമന്റുകളായോ അല്ലെങ്കിൽ പോസ്റ്റുകളായോ ഇത്തരത്തിൽ നമ്മളെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായേക്കാം. ഇവർക്കെതിരെ തിരിച്ച് ചീത്ത വിളിച്ച് ഒരിക്കലും പ്രതികരിക്കരുത്. നിയമപരമായി തന്നെ ഇവരെ നേരിടാനുള്ള സാധ്യതകൾ എന്തെല്ലാമാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. പലപ്പോഴും ഇരയാകുന്ന ആളുകൾ നിയമ നടപടി സ്വീകരിക്കാത്തതിനാലാണ് ഇത്തരം പ്രവർത്തികൾ സോഷ്യൽ മീഡിയകളിൽ വർധിച്ച് വരുന്നത്. അല്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമോ എന്ന് സംശയിച്ചും നിരവധിപേര് ഇതൊന്നും കണ്ടില്ലെന്ന് നടിക്കും.
ഇത്തരത്തിൽ തെറിവിളികൾ നടത്തുന്നവർക്കെതിരെ എന്ത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കണം, എത്ര നാൾ ഇതിന് ശിക്ഷ കിട്ടും എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ പരിശോധിക്കാം. ഇത്തരത്തിലുള്ള സംഭവം നടന്നാൽ ആദ്യം അതിന്റെ സ്ക്രീൻ ഷോട്ട് എടുക്കണം. ശേഷം ഇവർക്കെതിരെ എടി ആക്ട് 2000 പ്രകാരമാണ് ഇരയായവർക്ക് പരാതി നൽകാവുന്നതാണ്. പരാതി നൽകി കഴിഞ്ഞാൽ ഐപിസി സെക്ഷൻ 499 പ്രകാരം പൊലീസിന് കേസെടുക്കാവുന്നതാണ്.ഇത്തരം കേസുകളിൽ പ്രതിയാകുന്ന ആൾക്ക് പരമാവധി രണ്ട് വർഷം വരെ ശിക്ഷ ലഭിക്കുന്നതാണ്. എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലർക്കും ഇക്കാര്യങ്ങൾ അറിയില്ല എന്നതാണ് സത്യം. നിങ്ങൾ സോഷ്യൽ മീഡിയകളിൽ എപ്പോഴെങ്കിലും ആരെങ്കിലും കാരണം അപമാനിക്കപ്പെട്ടു എന്ന് തോന്നിയാൽ അവർക്കെതിരെ ഇത്തരം നിയമ നടപടി സ്വീകരിക്കാവുന്നതാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ മാന്യമായ ഭാഷ ഉപയോഗിക്കേണ്ടതാണ്.
പോലീസ് ക്രിമിനല്‍ നടപടി നിയമം വകുപ്പ് 154 പ്രകാരം ഉചിതമായ വകുപ്പുകൾ ചേർത്തും ഇവർക്കെതിരെ കേസെടുക്കാവുന്നതാണ്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സ്വകാര്യ അന്യായത്തിലൂടെ (പരാതി) സമീപിക്കാം. ഇങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടാന്‍ ആവശ്യപ്പെടാവുന്നതാണ്. സ്ത്രീ വിരുദ്ധവും അശ്ലീലവുമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ ഉപകരണങ്ങളും വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് നിയമത്തിലെ 67 ആം വകുപ്പ് ചുമത്താം. ഇതിൽ കുറ്റം തെളിഞ്ഞാൽ പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെയാകാവുന്ന പിഴയുമാണ് ശിക്ഷയായി ലഭിക്കുന്നത്. ഒരുവട്ടം ശിക്ഷിക്കപ്പെട്ട ശേഷം വീണ്ടും സമാന കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കടുപ്പം വർധിക്കും. പിന്നെ അഞ്ച് വര്‍ഷം വരെയാകാവുന്ന തടവും 10 ലക്ഷം വരയാകാവുന്ന പിഴയും ശിക്ഷയായി ലഭിക്കാനാണ് സാധ്യത. ഇക്കാര്യം അറിയാത്ത നിങ്ങളുടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവർക്കും ഈ അറിവ് പകർന്നു നൽകേണ്ടതാണ്.
അടുത്തിടെ യൂട്യൂബിൽ തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദ് എന്ന യുവാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതിനായിരുന്നു ആദ്യം ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത് എന്നാൽ പിന്നീട് ഇയാളുടെ യൂട്യൂബ് ചാനലിനലെ തെറിവിളികൾക്കും റേപ്പ് ജോക്കുകൾക്കുമെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. മലപ്പുറം വളാഞ്ചേരി പോലീസും കണ്ണൂര്‍ കണ്ണപുരം പോലീസും ആണ് ഇയാൾക്കെതിരെ കേസെടുത്തത്.
അശ്ലീലം നിറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് നിഹാലിനെതിരേ ഇന്‍ഫര്‍മേഷന്‍ ടെക്ക്‌നോളജി (ഐ.ടി) നിയമത്തിലെ വകുപ്പ് 67 പ്രകാരം ആയിരുന്നു കേസ് എടുത്തത്. ആളുകൾ കൂടി നിൽക്കുന്നിടത്ത് അസഭ്യമായി പാട്ട് പാടിയതിന് ആകട്ടെ ഐ പി സി വകുപ്പ് 294 ( ബി ) പ്രകാരവും പൊതുവഴിയില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് ഐ പി സി 283 ആം വകുപ്പ് പ്രകാരവും കേസെടുത്തിരുന്നു.