ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാൻ വേണ്ടി ആയിരക്കണക്കിന് കോടി രൂപ ഉപേക്ഷിച്ച ഒരു പെൺകുട്ടി. എയ്ഞ്ചലീന ഫ്രാൻസിസ് (Angeline Francis) എന്ന മലേഷ്യയിലെ ഒരു പെൺകുട്ടിയാണ് തനിക്ക് പൈതൃക സ്വത്തായി ലഭിക്കേണ്ട 300 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,484 കോടി ഇന്ത്യൻ രൂപ) വേണ്ടെന്ന് വെച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഭൗതികതയാൽ നയിക്കപ്പെടുന്ന, പണത്തിനായി കൊതിക്കുന്ന ഒരു ലോകത്തിൽ ഈ പെൺകുട്ടി വേറിട്ടു നിൽക്കുന്നു. സ്നേഹത്തിന്റെ മൂല്യത്തിനു വേണ്ടി നിലകൊണ്ട അനിതരസാധാരണമായ ഒരു ഉദാഹരണമാണ് എയ്ഞ്ചലീന.
മലേഷ്യയിലെ വലിയ ബിസിനസ് കുടുംബത്തിലെ ശതകോടീശ്വരനായ ഖൂ കെ പെങ്ങിന്റെയും, മുൻ മിസ് മലേഷ്യയായ പൈലീൻ ചായ് എന്നിവരുടെ മകളായാണ് എയ്ഞ്ചലീനയുടെ ജനനം. ഓക്സഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ജെഡിയ ഫ്രാൻസിസ് (Jediah Francis) എന്ന വ്യക്തിയുമായി അവൾ സുദൃഢമായ സ്നേഹ ബന്ധത്തിലായി.
എന്നാൽ ഈ വിവരം അറിയിച്ചപ്പോൾ, എയ്ഞ്ചലീനയുടെ വീട്ടിൽ നിന്ന് ശക്തമായ എതിർപ്പുയർന്നു. എയ്ഞ്ചലീനയുടെ പിതാവ് തന്റെ ഭീമമായ സാമ്പത്തിക പശ്ചാത്തലമാണ് താരതമ്യത്തിനായി പരിഗണിച്ചത്. ഒന്നുകിൽ സ്നേഹബന്ധവുമായി മുന്നോട്ടു പോവുക, അല്ലെങ്കിൽ പാരമ്പര്യ അവകാശമായി ലഭിക്കേണ്ട ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്ത് ഉപേക്ഷിക്കുക എന്ന ചോയിസ് അദ്ദേഹം മകൾക്കു മുന്നിൽ വെച്ചു. സ്നേഹബന്ധം തുടരാനാണ് എയ്ഞ്ചലീന തീരുമാനിച്ചത്. തുടർന്ന്, പിതാവിന്റെ സാമ്പത്തികമായ എല്ലാ കാര്യങ്ങളിൽ നിന്നും അവൾ ഒഴിവാക്കപ്പെട്ടു.
തുടർന്ന് എയ്ഞ്ചലീന ജെഡിയ ഫ്രാൻസിസിനെ 2008ൽ വിവാഹം ചെയ്തു. കുടുംബത്തിന്റെ രീതികളിൽ നിന്നു മാറാൻ വേണ്ടി എയ്ഞ്ചലീനയും, ജെഡിയയും ഒരു പുതിയ കോഴ്സിന് ചേർന്നു. പിന്നീട് തന്റെ മാതാപിതാക്കൾ വിവാഹമോചനം നേടുന്നതും എയ്ഞ്ചലീനയ്ക്ക് കാണേണ്ടി വന്നു. കാലചക്രം തിരിഞ്ഞു വന്നപ്പോൾ, സ്നേഹത്തിന്റ് മൂല്യത്തെക്കുറിച്ച് സ്വന്തം മാതാപിതാക്കളുടെ മുന്നിൽ കോടതിയിൽ അവൾക്ക് വിശദീകരിക്കേണ്ടി വന്നു. മാതാപിതാക്കൾ ഒന്നാവാൻ അവൾ തീവ്രമായി ആഗ്രഹിച്ചു.
ഇന്ന്, വർഷങ്ങൾക്കിപ്പുറവും, ഈ ലോകത്തിന്റെ അതിരുകൾ കടന്ന് എയ്ഞ്ചലീനയുടെ കഥ ലോകമാകെ സഞ്ചരിക്കുകയാണ്. നിരവധിയാളുകളിൽ സ്നേഹത്തിന്റെ മൂല്യവും, കരുത്തും പകർന്നു നൽകാൻ അവളുടെ തീരുമാനത്തിന് സാധിച്ചിരിക്കുന്നു. നിരവധി മാധ്യമ റിപ്പോർട്ടുകൾ എയ്ഞ്ചലീനയുടെ തീരുമാനത്തെ വിമർശിച്ചിട്ടുമുണ്ട്. ഇത്രയും ഭീമമായ തുക നിരസിക്കുന്നത് ടൺ കണക്കിന് സ്വർണ്ണം വേണ്ടെന്നു വെക്കുന്നതിന് തുല്യമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
ചിലർ എയ്ഞ്ചലീനയുടെ തെരഞ്ഞെടുപ്പിനെ പെട്ടെന്നെടുത്ത വൈകാരിക തീരുമാനമായി വിലയിരുത്തുന്നു. മറ്റ് ചിലർ ഇത് ധൈര്യപൂർവ്വമുള്ള ഒരു തീരുമാനമെന്ന് പ്രശംസിക്കുന്നു. കാഴ്ച്ചപ്പാടുകൾ എന്തു തന്നെയായാലും എയ്ഞ്ചലീന ഇത്തരമൊരു വലിയ തീരുമാനം എടുത്തു, മുന്നോട്ടു പോയി. ഈ ലോകത്തിന്റെ ഭൗതികമായ, പണത്തിന്റെ കണക്കുകൾക്കപ്പുറവും ചിലതുണ്ടെന്ന് എയ്ഞ്ചലീനയെന്ന പെൺകുട്ടി മനുഷ്യരെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.