കംപ്യൂട്ടർ സിമുലേഷൻ പഠനത്തിലൂടെ നെപ്റ്റ്യൂണിനപ്പുറം കൈപ്പർബെൽറ്റ് മേഖലയിൽ ഭൂമിയോട് സാമ്യമുള്ള ഗ്രഹമുണ്ടാകാനുള്ള സാധ്യത ജപ്പാനിലെ ശാസ്ത്രജ്ഞർ കഴിഞ്ഞദിവസം കണ്ടെത്തി. ഇത് പ്ലാനെറ്റ് എക്സ് എന്ന സാങ്കൽപിക വില്ലൻ ഗ്രഹമാണെന്ന തരത്തിൽ നിഗൂഢവാദക്കാരുടെ പ്രചാരണവുമുണ്ട്. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളാണുള്ളത്. നേരത്തെ 9 എണ്ണമായി കൂട്ടിയിരുന്നെങ്കിലും പിന്നീട് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരം താഴ്ത്തിയതോടെയാണ് എട്ട് ഗ്രഹങ്ങളായത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്ട്യൂണിനപ്പുറം സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന മറ്റു വസ്തുക്കളെപ്പറ്റി മനുഷ്യന് അറിവുണ്ടായിരുന്നില്ല. 1894ൽ ബോസ്‌നിയൻ വാനനിരീക്ഷകനായ പെർസിവൽ ലോവൽ നെപ്റ്റിയൂണിനപ്പുറം ഒരു വലിയ ഗ്രഹമുണ്ടെന്നു പ്രഖ്യാപിച്ചു.സൗരയൂഥത്തിൽ സൂര്യന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ ചില പിഴവുകളുണ്ട്. ഈ പിഴവുകൾ നമുക്ക് അറിയാത്ത ഏതോ അജ്ഞാത ഗ്രഹത്തിന്റെ ഭൂഗുരുത്വബലം മൂലം സംഭവിക്കുന്നതാണെന്ന് ലോവൽ സമർഥിച്ചു. പ്ലാനറ്റ് എക്‌സ് എന്നാണ് അദ്ദേഹം ആ അജ്ഞാത ഗ്രഹത്തിനു പേരു നൽകിയത്.
എന്നാൽ പ്ലാനറ്റ് എക്‌സിനെ കണ്ടെത്താനുള്ള ലോവലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല.അദ്ദേഹം അന്തരിച്ചു. പക്ഷേ 1930ൽ പ്ലൂട്ടോയെ കണ്ടെത്തിയതോടെ, പ്ലൂട്ടോ പ്ലാനറ്റ് എക്‌സ് ആണെന്നു കുറച്ചുനാൾ ശാസ്ത്രജ്ഞർ വിശ്വസിച്ചു.വലിയൊരു സംഭവമായിരുന്നു അത്.എന്നാൽ ആ വിശ്വാസം അധികകാലം നിന്നില്ല, കൂടുതൽ പഠനങ്ങൾ നടന്നു. ലോവൽ പറഞ്ഞതു പോലെ നെപ്ട്യൂൺ, യുറാനസ് എന്നീ വമ്പൻ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ വക്രത വരുത്താനുള്ള ശേഷിയൊന്നും പ്ലൂട്ടോയ്ക്കില്ലെന്ന് തെളിഞ്ഞു. അതോടെ പ്ലാനറ്റ് എക്‌സിനു വേണ്ടിയുള്ള തിരച്ചിൽ വീണ്ടും സജീവമായി.
1990ൽ റോബർട് ഹാരിങ്ടൻ എന്ന മറ്റൊരു ശാസ്ത്രജ്ഞനും ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചർച്ചകൾ ഉയർത്തി.ഹാരിങ്ടനിന്റെ ഗവേഷണം കുറച്ചുനാൾ ശാസ്ത്രലോകത്ത് വലിയ ചർച്ചയായെങ്കിലും 1992ൽ ജ്യോതിശാസ്ത്രജ്ഞനായ മൈൽസ് സ്റ്റാൻഡിഷ് ഇതെല്ലാം തള്ളി. എന്നാൽ താമസിയാതെ പ്ലൂട്ടോയ്ക്കുമപ്പുറം ഏരീസ്, സെഡ്‌ന, ക്വോയർ, വരുണ, ഹോമിയ തുടങ്ങിയ ഒട്ടേറെ കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്തി. ഇതോടെയാണ് വീണ്ടും അവിടെ ഗ്രഹങ്ങളുണ്ടായേക്കാം എന്ന ചിന്ത ശാസ്ത്രജ്ഞരിൽ നിറഞ്ഞത്.
ഇതിനിടെ 1995ൽ നാൻസി ലീഡർ എന്ന വനിതയുടെ നേതൃത്വത്തിൽ ലോകാവസാനത്തെക്കുറിച്ച് പുതിയൊരു ഗൂഢസിദ്ധാന്തം ഇറങ്ങി. നിബിരു എന്ന ഗ്രഹം 2003ൽ ഭൂമിയുടെ ഭ്രമണപഥത്തിൽ കൂടി കടന്നുവന്ന് ഭൂമിയെ ഇടിക്കുമെന്നും അതോടെ ഇവിടുള്ളതെല്ലാം നശിക്കുമെന്നും ആ സിദ്ധാന്തം പറയുന്നു. നിബിരു നേരത്തെ പറഞ്ഞ പ്ലാനറ്റ് എക്‌സാണെന്ന് ഒരു വിചിത്രവാദം കൂടി വന്നതോടെ പ്ലാനറ്റ് എക്‌സ് രാജ്യാന്തര തലത്തിൽ പ്രശസ്തമായി. ഭൂമിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവനെന്ന വില്ലൻ പരിവേഷം ഇതോടെ പ്ലാനറ്റ് എക്‌സിനു വന്നു ചേർന്നു. ഏതായാലും 2003ൽ ഭൂമിയെ അവസാനിപ്പിക്കാനായി ഒരു ഗ്രഹവും ഇങ്ങോട്ടു വന്നില്ല.
ഇങ്ങനെയൊരു ഗ്രഹമുണ്ടെങ്കിൽ ആ സാങ്കൽപിക ഗ്രഹത്തിന് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര് പ്ലാനറ്റ് 9 എന്നാണ്. കണ്ടെത്തുന്നതു വരെ പ്ലാനറ്റ് 9 ശാസ്ത്രലോകത്തിന് അത് ഇല്ലാത്ത ഗ്രഹം തന്നെ. എന്നാൽ അങ്ങനെയൊരു ഗ്രഹമുണ്ടാകാനുള്ള സാധ്യത പല ശാസ്ത്രജ്ഞരും കഴിഞ്ഞ ദശകത്തിൽ പങ്കുവച്ചിരുന്നു.
ഒരു പക്ഷേ പ്ലാനറ്റ് 9 ആദ്യകാലത്ത് ഇപ്പോഴത്തെ ഗ്രഹസംവിധാനത്തിൽ തന്നെയുണ്ടായിരുന്ന ഒരു ഗ്രഹമായിരിക്കാം എന്നും ചില ശാസ്ത്രജ്ഞർ പറയുന്നു. വ്യാഴം എന്ന ഗ്രഹഭീമൻ തന്‌റെ ഭൂഗുരുത്വബലത്താൽ പുറത്താക്കിയതാകാം ഇതിനെയെന്നും അവർ പറയുന്നു.