ന്യൂയോർക്ക് : അജ്ഞാത പേടകങ്ങളുമായി (യുഎഫ്ഒ) ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ട് നാസ. ശാസ്ത്രലോകം ദീർഘകാലമായി കാത്തിരുന്ന റിപ്പോർട്ടാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. അജ്ഞാത പേടകങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നാണ് 33 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി പുതിയ ഉപഗ്രഹങ്ങൾ ഉൾപ്പെടെ ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
‘‘അൺഐഡന്റിഫൈഡ് ഏരിയൽ ഫിനോമിനൻ (യുഎപി) ഭൂമിക്കപ്പുറത്തുനിന്നുള്ളതാണെന്ന നിഗമനത്തിലെത്താൻ തക്ക കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. യുഎപി ആണ് ഭൂമിയിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്ന്. യുഎഫ്ഒമായി ബന്ധപ്പെട്ട പല ചിത്രങ്ങളും മറ്റും ലഭിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായ നിഗമനത്തിലേക്ക് എത്താൻ മാത്രമുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. യുഎപികളെക്കുറിച്ചുള്ള പഠനത്തിനായി പുതിയ പാനൽ രൂപീകരിച്ച് പുതിയ ഡയറക്ടറെ നിയമിക്കണം’’–റിപ്പോർട്ടിൽ പറയുന്നു. പ്രപഞ്ചത്തിൽ മറ്റു സ്ഥലത്ത് ജീവൻ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൻ പറഞ്ഞു.
അജ്ഞാതപേടകങ്ങളെക്കുറിച്ച് യുഎസ് ഏറെക്കാലമായി അന്വേഷണം തുടങ്ങിയിട്ട്. പ്രോജക്ട് സൈൻ, ഗ്രജ്, ബ്ലൂബുക് തുടങ്ങിയ പദ്ധതികൾ ഇതിനായി നടത്തി. 21–ാം നൂറ്റാണ്ടിലെ ഇതിന്റെ തുടർപദ്ധതിയാണ് യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ അഡ്വാൻസ്ഡ് എയ്റോസ്പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം (ആറ്റിപ്). 2007ൽ തുടങ്ങിയ പദ്ധതി 2012ൽ അവസാനിച്ചു. ഇപ്പോഴും ഇതിന്റെ തുടർപദ്ധതികൾ നടക്കുന്നുണ്ട്.