സബ്‌സിഡി വെട്ടിച്ചുരുക്കലും ഇന്‍പുട് ചെലവ് വര്‍ധനവ് കാരണം വില വര്‍ധിച്ചതുമെല്ലാം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഇനിയും നമ്മുടെ ഉപഭോക്താക്കള്‍ തയാറായില്ലെന്നതാണ് സത്യം. അതിനാലാണ് പുത്തന്‍ വെല്ലുവിളികള്‍ മറികടക്കാന്‍ ഇവി നിര്‍മാതാക്കള്‍ കൂടുതല്‍ താങ്ങാനാകുന്ന മോഡലുകള്‍ പുറത്തിറക്കുന്നത്.
ചില കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് തിരികെ എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളാണ് ഹോപ് ഇലക്ട്രിക് മൊബിലിറ്റി. ഇവര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് ബൈക്കും പുറത്തിറക്കുന്നുണ്ട്. ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ച സമയത്ത് രാജ്യത്തെ മറ്റ് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വിലവര്‍ധനവ് പ്രഖ്യാപിച്ച വേളയില്‍ വിലകുറച്ച കമ്പനിയാണ് ഹോപ്.
ഇതിന് പിന്നാലെ മണ്‍സൂണ്‍ ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് തങ്ങളുടെ ലിയോ, ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ലിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 4,100 രൂപ വരെ ആനുകൂല്യം ലഭ്യമാണ്. 3,100 രൂപ വരെ കിഴിവിലാണ് കമ്പനി ഇപ്പോള്‍ ലൈഫ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫറില്‍ നല്‍കുന്നത്.
ഗ്രീന്‍ മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്താന്‍ കൂടിയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. നിലവില്‍ മൂന്ന് മോഡലുകളാണ് ഹോപ് ഇലക്ട്രിക് വിപണിയില്‍ എത്തിക്കുന്നത്. ലൈഫ്, ലിയോ എന്നിവയാണ് ഹോപിന്റെ പോര്‍ട്ഫോളിയോയിലെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍. OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍. ഈ വര്‍ഷം ആദ്യമാണ് ഹോപ് ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റ് അവതരിപ്പിച്ചത്.
പെട്രോള്‍ സ്‌കൂട്ടറുകള്‍ 100 രൂപയ്ക്ക് വെറും 70 കിലോമീറ്റര്‍ മാത്രം ഓടുമ്പോള്‍ ഹോപ് ഇവിയുടെ സ്‌കൂട്ടറുകള്‍ അതേ തുകക്ക് 700 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി തങ്ങളുടെ വെബ്‌സൈറ്റിലൂടെ അവകാശപ്പെടുന്നത്. ലിയോയുടെ ലോ സ്പീഡ് വേരിയന്റും ഓഫറിലുണ്ട്. ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റിന് 97,504 രൂപയും ലോ സ്പീഡ് വേരിയന്റിന് 84,360 രൂപയുമാണ് വില.
67,500 രൂപ മുതല്‍ 74,500 രൂപ വരെയാണ് ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. കണക്ടിവിറ്റി ഫീച്ചറുകള്‍ സജ്ജീകരിച്ച ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന് 125 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 72V ആര്‍ക്കിടെക്ചര്‍, 180 കിലോഗ്രാം ലോഡിംഗ് ശേഷിയുള്ള ഏത് ചരിവിലും കയറാന്‍ ഉയര്‍ന്ന പെര്‍ഫോമന്‍സ് മോട്ടോര്‍ എന്നിവ ഇവക്ക് ലഭിക്കും.
സ്മാര്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 2 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. ഈ സ്‌കൂട്ടറുകള്‍ക്ക് 19.5 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കുന്നു. ഇന്റര്‍നെറ്റ്, ജിപിഎസ്, മൊബൈല്‍ ആപ്പ് തുടങ്ങിയവക്കായി കണക്റ്റിവിറ്റി ഫീച്ചറുകളും ഇവയില്‍ വരുന്നുണ്ട്.
പാര്‍ക്ക് അസിസ്റ്റ്, 5 കിലോമീറ്റര്‍ വരെ വേഗതയുള്ള റിവേഴ്‌സ് ഗിയര്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, മൂന്ന് റൈഡ് മോഡുകള്‍, എല്‍ഇഡി കണ്‍സോള്‍, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിംഗ്, റിമോട്ട് കീ, ആന്റി തെഫ്റ്റ് അലാറം, ആന്റി തെഫ്റ്റ് വീല്‍ ലോക്ക് എന്നിവയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റ് സവിശേഷതകള്‍. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കമ്പനി 3 വര്‍ഷം വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓഫറുകള്‍ നല്‍കുന്നതിന് ഒരു മടിയുമില്ലാത്ത ഈ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് നവരാത്രി, ദീപാവലി ആഘോഷ വേളകളില്‍ ഇതിലും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ ലേഖനത്തില്‍ പറഞ്ഞ ഓഫറുകള്‍ നഗരങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഹോപ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍ കമ്പനി ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടുക.
ഹോപ് ഇലക്ട്രിക് മൊബിലിറ്റിയെ കൂടാതെ നമ്പര്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡായ ഓല ഇലക്ട്രിക്കും ഗണേഷ് ചുതുര്‍ത്ഥിയോട് അനുബന്ധിച്ച് S1 ശ്രേണിയിലെ സ്‌കൂട്ടറുകള്‍ക്ക് ഉത്സവകാല ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 20 വരെ മാത്രമായിരുന്നു ഓഫറുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് 19,500 രൂപ വരെ ആയിരുന്നു ആനുകൂല്യങ്ങള്‍ ലഭിച്ചത്.