രാജ്യത്ത് വൈദ്യുത വാഹനങ്ങളില്‍ ഇന്ന് ഏറ്റവും പോപ്പുലാരിറ്റിയുള്ളത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വളര്‍ച്ചയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ ജനപ്രിയമാകാന്‍ കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ഇലക്ട്രിക് ടൂവീലറുകളാണ് വിപണി കൈയ്യടക്കിയത്. സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷകമായ വിലയില്‍ കിടിലന്‍ റേഞ്ചും ഫീച്ചറുകളുമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയതോടെ പതിറ്റാണ്ടുകളായി സെഗ്‌മെന്റ് സടക്കി ഭരിച്ച പലരും പിന്നാക്കം പോയി.
ഓരോ ദിവസവും പുത്തന്‍ ലോഞ്ചുകള്‍ക്കാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ശൃംഖലയായ ഇലക്ട്രിക് വണ്‍ ഒടുവില്‍ ഒരു പുതിയ ഇരുചക്രവാഹന ശ്രേണി പുറത്തിറക്കിയിരിക്കുകയാണ്. E1 ആസ്‌ട്രോ പ്രോ, E1 ആസ്‌ട്രോ പ്രോ 10 എന്നീ പേരുകളിലായി രണ്ട് പുതിയ ഉല്‍പ്പന്നങ്ങളാണ് ഇലക്ട്രിക് വണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
99,999 മുതല്‍ 1.2 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഇവി ബുക്ക് ചെയ്യുന്ന സ്ഥലം അല്ലെങ്കില്‍ സംസ്ഥാനത്തിനെ ആശ്രയിച്ച് വിലയില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകും. റെഡ് ബെറി, ബ്ലേസ് ഓറഞ്ച്, എലഗന്റ് വൈറ്റ്, മെറ്റാലിക് ഗ്രേ, റേസിംഗ് ഗ്രീന്‍ തുടങ്ങിയ കളര്‍ ഓപ്ഷനുകളിലാണ് ഈ ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനകം നിരവധി വിദേശ രാജ്യങ്ങളില്‍ വില്‍പ്പനയിലുള്ള ഈ സ്‌കൂട്ടറുകള്‍ക്ക് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. നിലവില്‍ ഇന്ത്യയെ കൂടാതെ നേപ്പാള്‍, ശ്രീലങ്ക, മലേഷ്യാ ഘാന, യുഎഇ എന്നീ രാജ്യങ്ങളില്‍ ആസ്‌ട്രോ സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നു. ആഫ്രിക്കന്‍ യൂനിയന്‍ ആസിയാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
ഇലക്ട്രിക് വണ്‍ അതിന്റെ തുടക്കം മുതല്‍ തന്നെ ഇവി റീട്ടെയില്‍ മേഖലയിയുടെ മുന്‍നിരയിലുണ്ടെന്നും ഇപ്പോള്‍ ലോകമെമ്പാടും ആസ്‌ട്രോ സീരീസിന് മികച്ച പ്രതികരണങ്ങളും സ്വീകാര്യതയും ലഭിക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തിലെ പ്രമുഖ വിതരണക്കാരുമായി സഹകരിച്ച് ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുകയാണെന്ന് പുതിയ ആസ്‌ട്രോ സീരീസിനെക്കുറിച്ച് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അമിത് ദാസ് പറഞ്ഞു.
ഗുഡ്ഗാവിലുള്ള കമ്പനിയുടെ ലോകോത്തര ഇവി നിര്‍മാണ പ്ലാന്റില്‍ നിന്നാകും നിര്‍മാണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി സാന്നിധ്യം അറിയിക്കുന്നതിനാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലോകോത്തര വില്‍പ്പനാനന്തര സേവനം നല്‍കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലായിരിക്കും ആസ്‌ട്രോ സീരീസ് ആദ്യം വില്‍പ്പനക്കെത്തുക. ശേഷം ഇത് 20 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് ഇലക്ട്രിക് വണ്‍ ബ്രാന്‍ഡ് പറയുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് അത്യാധുനിക സാങ്കേതികവിദ്യകള്‍ അണിനിരത്തിയാണ് ബ്രാന്‍ഡ് ആസ്‌ട്രോ സീരീസ് വികസിപ്പിച്ചിരിക്കുന്നത്. ശക്തമായ 2400 വാട്ട് മോട്ടോറാണ് പുതിയ ഇവികള്‍ക്ക് കരുത്ത് പകരുന്നത്.
ഈ കരുത്തുറ്റ ഇലക്ട്രിക് മേട്ടോറിന്റെ ബലത്തില്‍ ഇ-സ്‌കൂട്ടറിന് വെറും 2.99 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.മണിക്കൂറില്‍ 65 കിലോമീറ്റര്‍ ആണ് പുത്തന്‍ സ്‌കൂട്ടറുകളുടെ പരമാവധി വേഗത. ഇതുവഴി റൈഡേഴ്‌സിന് അവരുടെ ലക്ഷ്യസ്ഥാനത്ത് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു.
കാര്‍ബണ്‍ കോട്ടഡ് 72 V ലിഥിയം അയോണ്‍ ബാറ്ററിയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററി പായ്ക്ക് തുരുമ്പെടുക്കാത്തതാണെന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ഓടാനാകുമെന്നതാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് ഇലക്ട്രിക് വണ്‍ ആസ്‌ട്രോ സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍.
എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണം, റിമോട്ട് ലോക്ക് / അണ്‍ലോക്ക് സിസ്റ്റം, ആന്റിതെഫ്റ്റ് അലാറം, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, സുഖപ്രദമായ സിംഗിള്‍ സീറ്റിംഗ് ക്രമീകരണം എന്നിവയടക്കം ടണ്‍ കണക്കിന് ഫീച്ചറുകളുമായാണ് സ്‌കൂട്ടറുകളുടെ വരവ്. ഇലക്ട്രിക് വണിന്റെ പുതുതായി വിപണിയില്‍ എത്തിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗീകൃത ഷോറൂമില്‍ നിന്നോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ബുക്ക് ചെയ്യാം.