ഒറ്റ ചാർജിൽ 100 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സ്മാർട്ട് ഇലക്ട്രിക് ട്രക്കുകൾ ചണ്ഡിഗഢിൽ നടന്ന റിന്യൂവബിൾ എനർജി ആൻഡ് ഇലക്ട്രിക് വെഹിക്കിൾ എക്‌സിബിഷൻ 2023-ൽ (REEVE) പ്രദർശനത്തിനു വെച്ചു. പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രദർശനത്തിലാണ് തദ്ദേശീയമായി നിർമിച്ച ഈ വാഹനം അവതരിപ്പിച്ചത്. 20 മിനിറ്റിനുള്ളിൽ വാഹനം ഫുൾ ചാർജാകും. സെപ്റ്റംബർ 22-ന് ആരംഭിച്ച് എക്സിബിഷൻ മൂന്നു ദിവസം നീണ്ടുനിന്നു. യുടി ഉപദേശകൻ (UT Adviser) ശനിയാഴ്ച, പ്രദർശന വേദിയിൽ സന്ദർശനത്തിനെത്തി. ചണ്ഡിഗഢ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംരംഭകനായ ഇന്ദർവീർ സിംഗ് പനേസർ സ്ഥാപിച്ച ഇലക്ട്രിക് ട്രക്ക് സ്റ്റാർട്ടപ്പിനെ ((EVage) ) അദ്ദേഹം അഭിനന്ദിച്ചു. ഇവേജ് കമ്പനിയാണ് ഈ ട്രക്കുകൾ നിർമിക്കുന്നത്.
ചണ്ഡീഗഢിന് സമീപം ബാനൂരിൽ 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഫാക്ടറിയിലാണ് 1 ടൺ ശേഷിയുള്ള സ്മാർട്ട് ട്രക്ക് നിർമിക്കുന്നത്. ഒരു വർഷം കൊണ്ട് 2800 വാഹനങ്ങൾ നിർമിക്കാനാണ് പദ്ധതി. ”പൂർണമായും ഇന്ത്യയിൽ നിർമിച്ച ട്രക്ക് സൃഷ്ടിക്കാൻ കഴിഞ്ഞത് ഏറെ അഭിമാനാർഹമായ കാര്യമാണ്. 150 ഓളം പേർക്ക് ജോലി നൽകാൻ സാധിച്ചതും ഏറെ സംതൃപ്തി നൽകുന്ന കാര്യമാണ്. നിലവിൽ 100 ഇലക്ട്രിക് ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ ഞങ്ങൾ നിർമിക്കുന്നുണ്ട്. അടുത്ത 12 മാസത്തിനുള്ളിൽ ട്രൈസിറ്റിയിലെ (Tricit) ചരക്കു കൈമാറ്റത്തിന്റെ 50 ശതമാനവും ഇലക്ട്രിക് ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ ഉപയോഗിച്ചായിരിക്കും നടത്തുക എന്നാണ് ഞാൻ കണക്കു കൂട്ടുന്നത്”, ഇവേജ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഇന്ദർവീർ സിംഗ് പനേസർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.