ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. അൽപ്പം ശ്രദ്ധിച്ചാൽ ഹൃദയാഘാതത്തിനുള്ള സാധ്യതകൾ മുൻകൂട്ടി മനസിലാക്കി ചികിത്സ ഉറപ്പാക്കാം. കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും ശരീരം ഹൃദയാഘാതത്തിന്‍റേതായ വിവിധ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. ഇവ മനസിലാക്കി ചികിത്സ തേടിയാൽ സങ്കീർണമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
1. കടുത്ത സമ്മർദം
ഹൃദയാഘാതത്തിനു മുൻപായി നിരവധി പേരിൽ കാണപ്പെടുന്ന ലക്ഷണങ്ങളിൽ ഒന്നാണ് അസാധാരണമാം വിധം ഉയർന്ന അളവിലുള്ള സമ്മർദവും വീർപ്പുമുട്ടലും. അകാരണമായി വയർ നിറഞ്ഞിരിക്കുന്ന പോലുള്ള തോന്നലുണ്ടാകും. ഒപ്പം നെഞ്ചിന്‍റെ മധ്യഭാഗത്തായി വേദനയും അനുഭവപ്പെടും. ഇത് ഒരു മിനിറ്റോളം നീണ്ടു നിൽക്കുന്ന വിധത്തിൽ ദിവസത്തിൽ പല തവണ അനുഭവപ്പെട്ടേക്കാം എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.
2. അകാരണമായ ക്ഷീണം
നിരന്തരമായി അനുഭവപ്പെടുന്ന ക്ഷീണവും ഹൃദയാഘാതത്തിന്‍റെ ലക്ഷണമായി കണക്കാക്കാറുണ്ട്. വേണ്ടത്ര വെള്ളവും ഭക്ഷണവും ശരീരത്തിൽ എത്തിയിട്ടും ക്ഷീണം തുടരുകയാണെങ്കിൽ ഹൃദയാഘാതത്തിന്‍റെ ലക്ഷണമായി കണക്കാക്കാം. അതിനൊപ്പം ചെറിയ രീതിയിൽ ശ്വാസതടസവും നെഞ്ചു വേദനയും അനുഭവപ്പെടാറുമുണ്ട്. ശരീരത്തിന്‍റെ രക്തത്തിന്‍റെ അളവിലുണ്ടാകുന്ന കുറവും രക്തസമ്മർദം വലിയ രീതിയിൽ കുറയുന്നതുമാണ് ക്ഷീണത്തിനു കാരണമാകുന്നതെന്ന് ഡോക്റ്റർമാർ പറയുന്നു.
3. ദഹനക്കുറവും മനംപുരട്ടലും
സാധാരണയായി ഗാസ്ട്രിക് പ്രശ്നങ്ങളുടെ ഭാഗമായി ദഹനക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ ഹൃദയത്തിൽ നിന്ന് വേണ്ടത്ര രക്തം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്താതെ വന്നാലും ഇത്തരത്തിൽ ദഹനക്കുറവും മനംപുരട്ടലും അനുഭവപ്പെടാം. വയർ വീർത്തു നിറയുന്നതു പോലെ തോന്നുന്നതും ഛർദ്ദിക്കുന്നതും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളിൽ പെടും. ഇത്തരം സന്ദർഭങ്ങളിൽ ദഹനക്കേടെന്ന് മുൻധാരണയിലെത്താതെ ഉടൻ ഡോക്റ്ററെ കണ്ട് ചികിത്സ തേടിയാൽ ഹൃദയാഘാതത്തിനു തടയിടാം.
4. അമിതമായ വിയർപ്പ്
കാരണങ്ങളൊന്നുമില്ലാതെ തന്നെ അമിതമായി വിയർക്കുന്നത് ഹൃദയാഘാതത്തിനെ ലക്ഷണങ്ങളിൽ ഒന്നാണ്. വെട്ടി വിയർത്ത് ദേഹം തണുത്തു പോകുന്നതും ഒരു ലക്ഷണമാണ്. ഹൃദയാഘാതമുണ്ടാകുമ്പോൾ ശരീരത്തിലെ നാഡീവ്യവസ്ഥകൾ അതിനെ തടയാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് ഈ വിയർപ്പെന്നാണ് ഡോക്റ്റർമാർ പറയുന്നത്.
5. ശ്വാസതടസ്സം
മുൻപ് എളുപ്പത്തിൽ ചെയ്തിരുന്ന പല ജോലികളും ചെയ്യുമ്പോൾ കടുത്ത ശ്വാസതടസ്സം നേരിടുന്നത് ഒരു ലക്ഷണമാണ്. നിങ്ങളുടെ ഹൃദയം അപകടത്തിൽ ആണെന്നതിന്‍റെ ലക്ഷണമാണിതെന്ന് കരുതാം. കുറഞ്ഞ സമയത്തേക്ക് ശ്വാസ തടസത്തിനൊപ്പം ചിലപ്പോൾ ചെറിയ നെഞ്ച് വേദനയും ഉണ്ടായേക്കാം
6. ശരീരഭാഗങ്ങളിൽ വേദന
തോളുകൾ, കൈകൾ, കഴുത്ത്, താടി എന്നിവയിലുള്ള വേദനയും ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളിൽ പെടും. ഹൃദയത്തിന്‍റെ പ്രവർത്തനത്തിനുണ്ടാകുന്ന തടസങ്ങൾ മൂലം നാഡീവ്യവസ്ഥയ്ക്ക് തെറ്റായ സിഗ്നലുകൾ ലഭ്യമാകുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടുന്നത്.