പാരിസ്: വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി നിഷ ദഹിയ ക്വാർട്ടറിൽ കടന്നു. യൂറോപ്യൻ ചാമ്പ്യനായ യുക്രയ്‌നിന്റെ റിസ്ഖൊയ്‌ക്കെതിരെ 6 -4 എന്ന സ്കോറിനാണ് നിഷയുടെ വിജയം. ആദ്യ പീരിയഡിൽ 1-4 ന് പിറകിൽ നിന്ന നിഷ ദഹിയയെ രണ്ടാം പീരിയഡിൽ നേടിയ അഞ്ചുപോയിന്റാണ് വിജയത്തിലേക്ക് നയിച്ചത്. വനിതകളുടെ 68 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിലാണ് നിഷ മത്സരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നിഷ ഹെവിവെയ്റ്റ് വിഭാഗത്തിൽ പാരിസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഏക പ്രതിനിധിയാണ്.
പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് വെങ്കല പോരാട്ടത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് മലേഷ്യൻ താരം വെങ്കല മെഡൽ സ്വന്തമാക്കിയത്. ആദ്യ സെറ്റ് 21-13 എന്ന മികച്ച ലീഡിൽ സ്വന്തമാക്കിയ ഇന്ത്യൻ താരത്തിന് തുടർന്നുള്ള രണ്ട് സെറ്റുകൾ 16-21,11 -21 എന്നീ സ്കോറുകളിൽ നഷ്ടമായി. മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റതാണ് താരത്തിന് വിനയായത്. അതേ സമയം ടോക്കിയോ ഒളിംപിക്സിൽ സ്വർണ്ണം നേടി ഇന്ത്യയുടെ അഭിമാനമായ ജാവലിൻ താരം നീരജ് ചോപ്ര നാളെ ട്രാക്കിലിറങ്ങും. ടേബിൾ ടെന്നിസിൽ അനന്ത്ജീത് സിങ് നറുക്കയും മഹേശ്വരി ചൗഹാനും അടങ്ങിയ ഇന്ത്യയുടെ സ്‌കീറ്റ് മിക്സഡ് ടീം ഷോർട്ട് ഗൺ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിൽ പരാജയപ്പെട്ടു. ടേബിൾ ടെന്നിസിൽ ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ വനിതാ ടീം മെഡൽ പ്രതീക്ഷകളുമായി ക്വാർട്ടറിലേക്ക് കടന്നു.