ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന സെർച് എൻജിനാണ് ‘ഗൂഗിൾ’. അക്കാരണം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തിരയുന്നതിന് ‘ഗൂഗിൾ ചെയ്യുക’ എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന് ആഗോളതലത്തിൽ ഇത്രമേൽ സ്വീകാര്യത ലഭിക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണം അവർ തുടർച്ചയായി സെർച് എൻജിനിൽ കൊണ്ടുവരുന്ന സവിശേഷതകളാണ്.
എങ്കിലും ചാറ്റ്ജിപിടിയുടെയും അതുപോലുള്ള മറ്റ് എ.ഐ ടൂളുകളുടെയും വരവ് ഗൂഗിളിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിർമിത ബുദ്ധിയെ നിർമിത ബുദ്ധികൊണ്ട് തന്നെ നേരിടാനായി ഗൂഗിൾ അവരുടെ എ.ഐ ചാറ്റ്ബോട്ടായ ‘ബാർഡ്’ അവതരിപ്പിക്കുകയും ഗൂഗിൾ സെർച്ചിന്റെ വെബ് പതിപ്പിൽ ബാർഡി’നെ സംയോജിപ്പിക്കുകയും ചെയ്തു.
ഏറ്റവും ഒടുവിലായി ഗൂഗിൾ സെർച് എൻജിനിൽ കൊണ്ടുവന്നിരിക്കുന്ന ഫീച്ചർ ഏറെ ഉപകാരപ്രദമായിട്ടുള്ളതാണ്. മികച്ച വ്യാകരണ കൃത്യത കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പുതിയ വ്യാകരണ പരിശോധന സംവിധാനം (grammar-checking tool) ഗൂഗിൾ അവരുടെ സെർച് എൻജിനിൽ അവതരിപ്പിച്ചു.
ഗൂഗിൾ സെർച്ച് ഹെൽപ്പ് സപ്പോർട്ട് പേജ് പറയുന്നത് അനുസരിച്ച്, വ്യാകരണ പിശകുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് ഇനിമുതൽ ഗൂഗിൾ സെർച്ചിന്റെ സഹായം സ്വീകരിക്കാം. നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ഈ സേവനം ലഭ്യമാവുക. വൈകാതെ തന്നെ മറ്റ് ഭാഷകൾക്കുള്ള പിന്തുണയും എത്തിയേക്കും.