വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പുതിയ മാനം നൽകിയവരാണ് ഏഥർ എനർജി. മറ്റ് ഇവികളിൽ നിന്നും വ്യത്യസ്‌തമായി പ്രീമിയം ഫീച്ചറുകളും സ്പോർട്ടി ഡിസൈനുമായി കളംനിറഞ്ഞ കമ്പനി വിൽപ്പനയുടെ കാര്യത്തിൽ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് ടൂവീലർ നിർമാതാക്കളാണ്. ഓലയുമായാണ് പ്രധാന മത്സരവും. ആയതിനാൽ അടുത്തിടെ തങ്ങളുടെ നിരയിലേക്ക് ഒരു എൻട്രി ലെവൽ മോഡലിനെയും കമ്പനി അവതരിപ്പിക്കുകയുണ്ടായി.
ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തെ കിടമത്സരം വേറെ തലത്തിലേക്ക് പോവുമ്പോൾ മുൻനിരയിൽ തന്നെ സ്ഥാനംപിടിക്കാനുള്ള കമ്പനിയുടെ ശ്രമമാണ് പുതിയ 450S. ഓല S1 എയറിനുള്ള മറുപടിയായും ഇതിനെ കണക്കാക്കാം. അടുത്തിടെ എതിരാളി നിരത്തുകളിലേക്ക് എത്തിയതിനു പിന്നാലെയിതാ ഇപ്പോൾ മോഹവിലയും കിടിലൻ റേഞ്ചുമുള്ള 450S ഇവിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് ഏഥർ. ലോക ഇവി ദിനമായി ആചരിച്ച സെപ്റ്റംബർ ഒമ്പതിനാണ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക വിതരണം തുടങ്ങിയത്.
ഏഥർ എനർജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്ത ആദ്യ ഉപഭോക്താവിന് ഇവി കൈമാറുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്. ബ്രാൻഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് 450S എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയല്ലോ. എന്നാൽ പെട്രോൾ സ്‌കൂട്ടറുകളുടെ വില അപേക്ഷിച്ച് നോക്കുമ്പോൾ ഇതിന്റെ വില അത്രയ്ക്ക് കുറവാണെന്ന് ഒന്നും തോന്നിയേക്കില്ല.
1.30 ലക്ഷം രൂപയാണ് 450S ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. എന്നാൽ റണ്ണിംഗ് കോസ്റ്റിന്റെ കാര്യത്തിലേക്ക് വരുമ്പോൾ പൈസ അവിടെ ലാഭിക്കാനാവുമെന്നതാണ് ഹൈലൈറ്റ്. പെട്രോൾ അടിക്കാൻ പമ്പിലും കയറേണ്ട, ചാർജിംഗിനായി വരുന്നത് തുച്ഛമായ പൈസയും മാത്രമാണ്. ഏഥറിന്റെ പുതിയ ഇവി ഇനിയും സ്വന്തമാക്കാനാവും. ഈ വർഷം ജൂണിലാണ് 450S-ന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. സ്കൂട്ടറിന്റെ വില FAME 2 സ്കീമിന് അനുസൃതമാണെന്നും കമ്പനി പറയുന്നു.
ഇതിനു പുറമെ ഉപഭോക്താക്കൾക്ക് അതത് സംസ്ഥാനങ്ങളുടെ സ്വന്തം ഇലക്ട്രിക് വാഹന നയങ്ങളിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ഏതർ 450S ഇവിയുടെ ഡിസൈൻ 450X എന്ന ഫ്ലാഗ്ഷിപ്പ് മോഡലിന് സമാനമാണ്. എന്നിരുന്നാലും, ചെലവ് കുറയ്ക്കാൻ സഹായിച്ച ചില മാറ്റങ്ങളുണ്ട്. അതെന്താണെന്ന് നോക്കിയാലോ? 450X, 450S എന്നിവ തമ്മിലുള്ള മറ്റൊരു വലിയ വ്യത്യാസം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്.
450S പുതിയ കളർഡ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് ഇപ്പോഴും വരുന്നത്. എന്നാൽ ഗൂഗിൾ മാപ്‌സിന് പകരം മാപ്മൈഇന്ത്യയുടെ നാവിഗേഷൻ സിസ്റ്റമാണ് ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന സ്വിച്ച് കൺസോളിൽ ഒരു ജോയിസ്റ്റിക്കും ഏഥർ എനർജി ചേർത്തിട്ടുണ്ട്. ഇതൊരു റിവേഴ്സ് മോഡ് ഒരു ബട്ടൺ മാത്രമാണ്.
നേരത്തെ റിവേഴ്സ് മോഡിലേക്ക് പ്രവേശിക്കാൻ റൈഡർ സ്ക്രീനിൽ സ്വൈപ്പ് ചെയ്യേണ്ടതുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടാണ് ബ്രാൻഡ് പുതിയ നീക്കത്തിലൂടെ പരിഹരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഏഥറിന്റെ ഈ ബജറ്റ് ഫ്രണ്ട്ലി മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹോം ചാർജറുകൾ ഉപയോഗിച്ച് ആറ് മണിക്കൂറും 36 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാം.
അതേസമയം 100 ശതമാനം വരെ ചാർജ് ചെയ്യാൻ എട്ട് മണിക്കൂറും 36 മിനിറ്റും എടുക്കും. ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഇതിലില്ലെന്നാണ് വിവരം. 7.24 bhp പവറിൽ 22 Nm torque വരെ നൽകാൻ 450S സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോട്ടോറിന് കഴിയും. വെറും 3.9 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് 90 കിലോമീറ്റർ വേഗതയാണ് പരമാവധി പിന്നിടാനാവുന്നത്.
സ്‌പോർട് മോഡ്, ഇക്കോ മോഡ്, റൈഡ് മോഡ് എന്നിവ ഉൾപ്പെടുന്ന 450S ഇവിക്കൊപ്പം മൂന്ന് റൈഡ് മോഡുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഏഥർ 450S ഇലക്ട്രിക്കിന്റെ മറ്റ് പ്രധാന ഫീച്ചറുകളിലേക്ക് നോക്കിയാൽ ഡീപ്‌വ്യൂTM ഡിസ്‌പ്ലേ, പുതിയ സ്വിച്ച് ഗിയർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), 7 ശതമാനം വരെ റേഞ്ച് മെച്ചപ്പെടുത്തുന്ന കോസ്റ്റിംഗ് റീജൻ എന്നീ സവിശേഷതകളെല്ലാം കാണാനാവും.