വിജയകരമായ ചന്ദ്രയാന്‍-3 ബഹിരാകാശ ദൗത്യത്തിന്റെ വിക്ഷേപണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചന്ദ്രയാന്‍ 3 ന്റെ പോര്‍ട്ടലും, പ്രത്യേക കോഴ്‌സുകളും അവതരിപ്പിക്കാന്‍ തീരുമാനമെടുത്ത് വിദ്യാഭ്യാസ മന്ത്രാലയം. ചന്ദ്രയാന്‍ പ്രത്യേക കോഴ്സ് മൊഡ്യൂളുകളും, വിദ്യാഭ്യാസ വെബ്സൈറ്റ് ‘അപ്ന ചന്ദ്രയാന്‍’ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും പോര്‍ട്ടല്‍ പ്രോത്സാഹിപ്പിക്കാനും, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ പ്രത്യേക കോഴ്സ് മൊഡ്യൂളുകള്‍ പ്രചരിപ്പിക്കാനും ഔദ്യോഗിക അറിയിപ്പില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക കോഴ്സുകളില്‍ ചേരാന്‍ എല്ലാ വിദ്യാര്‍ഥികളെയും പ്രോത്സാഹിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചന്ദ്രയാന്‍ 3 നെക്കുറിച്ചും, ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും കൃത്യമായ അവബോധം വളര്‍ത്താന്‍ ചന്ദ്രയാന്‍ -3 മഹാ ക്വിസിന്റെ രജിസ്‌ട്രേഷന്‍ നടത്താന്‍ പോര്‍ട്ടലിന്റെ ആദ്യപടിയായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനും ബഹിരാകാശ സംരംഭങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാനുമാണ് ക്വിസ് മത്സരം കൊണ്ട് ലക്ഷ്യമിടുന്നത്.
താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് 2023 ഒക്ടോബര്‍ 31 വരെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ.എസ്.ആര്‍.ഒ) സഹകരണത്തോടെ MyGov ആണ് ചന്ദ്രയാന്‍ 3 മഹാ ക്വിസ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രം, ചന്ദ്രയാന്‍ 3 ദൗത്യം, ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ക്വിസില്‍ ഉള്ളത്. ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകള്‍ ഉണ്ട്.