അപ്രതീക്ഷിതമായി ടെലികോം മേഖലയിലെത്തി ആധിപത്യം സ്ഥാപിച്ചതു പോലെ ഇന്റര്‍നെറ്റ് കണ്ടെന്റ് സ്ട്രീമിങിലും റിലയന്‍സ് ആധിപത്യം നേടുമോ? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകളിൽനിന്നു ലഭിക്കുന്ന സൂചനകൾ. ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് ഡിസ്നി വേറേ മാർഗങ്ങൾ നോക്കുന്നതായി കഴിഞ്ഞ കുറച്ച് മാസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെ തങ്ങളുടെ ഡിജിറ്റല്‍-ടിവി ബിസിനസ് മൊത്തത്തില്‍ വില്‍ക്കാനുള്ള താൽപര്യം അമേരിക്കന്‍ കമ്പനിയായ ഡിസ്നി പ്രകടിപ്പിച്ചിട്ട് കുറച്ചു നാളുകളായി. അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബ്ലാക്സ്റ്റോണ്‍, ബിസിനസ് രാജാവ് ഗൗതം അദാനി, സണ്‍ നെറ്റ്വര്‍ക്ക് ഉടമ കലാനിധി മാരന് തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ഡിസ്നി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഡിസ്നിയുടെ മൊത്തം ബിസിനസ് വാങ്ങാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് മുന്നോട്ടുവന്നിരിക്കുകയാണ് എന്ന സൂചന നല്‍കുന്നത് ബ്ലൂംബര്‍ഗ് ആണ്. ഏകദേശം, 10 ബില്ല്യന്‍ ഡോളറിനായിരിക്കാം ഏറ്റെടുക്കല്‍.