ബഹിരാകാശത്ത് എൻഡ്-ടു-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനുള്ള ചുവടുകൾ വെച്ച് നാസ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിലവിൽ ഉപയോഗിച്ച് വരുന്ന പരമ്പരാഗത സംവിധാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള പുതിയ ആശയവിനിമയ സംവിധാനമാണിത്. ബഹിരാകാശ നിലയത്തിലേക്ക് ഇന്റഗ്രേറ്റഡ് എൽസിആർഡി ലോ എർത്ത് ഓർബിറ്റ് യൂസർ മോഡം, ആംപ്ലിഫയർ ടെർമിനൽ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളാണ് ഈ വർഷം തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്.
ബഹിരാകാശ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നാസയുടെ ശ്രമങ്ങളിലെ ഒരു സുപ്രധാന നീക്കമാണിത്. ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന ഐഎസ്എസ് പേടകം രണ്ട് പതിറ്റാണ്ടിലേറെയായി ശാസ്ത്ര ഗവേഷണത്തിന് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 2021 ഡിസംബറിലാണ് ആംപ്ലിഫയർ ടെർമിനൽ അഥവാ ILLUMA-T ആരംഭിക്കുന്നത്. ഇത് ലേസർ കമ്മ്യൂണിക്കേഷൻസ് റിലേ ഡെമോൺസ്‌ട്രേഷനുമായി സംയുക്ത സഹകരണത്തിലൂടെ നാസയ്‌ക്ക് ആദ്യ ടൂ-വേ, എൻഡ്-ടു-എൻഡ് ലേസർ റിലേ സിസ്റ്റം സാദ്ധ്യമാക്കി നൽകും.ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിക്കുന്ന ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ ഉയർന്ന ഡാറ്റാ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ഒറ്റ പ്രക്ഷേപണത്തിൽ തന്നെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഭൂമിയിലേക്ക് അയക്കുന്നതിന് സഹായിക്കുന്നു. ബഹിരാകാശ നിലയത്തിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ താഴ്ന്ന ഭ്രമണപഥത്തിലെ ദൗത്യങ്ങൾക്കായി ഇവ ഉപകാരപ്രദമായിരിക്കും.