പാർക്കിങ്ങിനെച്ചൊല്ലി തർക്കം; കോഴിക്കോട്ട് സ്വകാര്യ ബസ് ഡ്രൈവർക്ക് ക്രൂര മർദനം
ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർക്കു മർദനം. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം ഇന്നലെ രാത്രി ആയിരുന്നു സംഭവം. കാർ മാറ്റുന്നതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ വടകര – തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലി(35) ആണ് മർദനത്തിനിരയായത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാൾ ഷെല്ലിയെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഷെല്ലിയുടെ തലയിൽ അടിക്കാനായി പലതവണ ശ്രമിച്ചെങ്കിലും സമയോചിതമായി ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് വലിയ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദിനെതിരെ കുറ്റ്യാടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.