റോഡിലെ കുഴി കണ്ടെത്താന്‍ എഐ, പുതിയ പരീക്ഷണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താന്‍ എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനം പരീക്ഷിക്കാന്‍ കേന്ദ്രം. സ്മാര്‍ട്ട്‌ഫോണ്‍ വിഡിയോകള്‍ ഉപയോഗിച്ച് റോഡുകളിലെ കുഴികളും വിള്ളലുകളും ഉള്‍പ്പെടെ തിരിച്ചറിയുകയാണ് ലക്ഷ്യം. ഗ്രാമീണ റോഡുകളുടെ നിലവാരം വിലയിരുത്തുന്നതിനായി രാജ്യവ്യാപകമായി ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് (PMGSY) കീഴിലുള്ള റോഡുകളില്‍ എഐ സംവിധാനം പരീക്ഷിക്കുന്നതിന് ഗ്രാമവികസന മന്ത്രാലയം തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങും (ഇഉഅഇ) നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഏജന്‍സിയും (NRIDA) ചേര്‍ന്നാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീല്‍ഡ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണുകളിലെ ആപ്പ് വഴി റോഡിന്റെ വിഡിയോകള്‍ പകര്‍ത്തിയാണ് ഇത് വിലയിരുത്തുന്നത്. നിലവില്‍ കുഴികള്‍, നീളത്തിലുള്ള വിടവുകള്‍, കുറുകെയുള്ള വിടവുകള്‍, വശങ്ങളിലെ കേടുപാടുകള്‍, പാച്ചുകള്‍, കാടുപിടിച്ചതുകൊണ്ടുള്ള തടസങ്ങള്‍ തുടങ്ങി ഏഴ് തരം കേടുപാടുകള്‍ തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് കഴിയും.

എഞ്ചിനീയര്‍മാര്‍ റോഡിലെ കുഴികള്‍ പരിശോധിച്ച് എഐ സംവിധാനങ്ങളുടെ കണ്ടെത്തലുമായി ഒത്തുനോക്കും. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ തീരുമാനം എടുക്കുന്നതിനുള്ള ഉപകരണമായി മാത്രമാണ് ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. പൂനെ, ലഖ്നൗ, അസമിലെ കാംരൂപ്, മേഘാലയയിലെ റി-ഭോയ് എന്നീ പ്രദേശങ്ങളിലാണ് ഇതിന്റെ ആദ്യഘട്ട ട്രയലുകള്‍ നടന്നത്. നിലവില്‍, eMARG മൊബൈല്‍ ആപ്ലിക്കേഷനില്‍ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ റെക്കോര്‍ഡുചെയ്ത പരിശോധനകളിലൂടെയും ജിയോ-ടാഗ് ചെയ്ത ചിത്രങ്ങളിലൂടെയുമാണ് റോഡ് അറ്റകുറ്റപ്പണികള്‍ നിരീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights