വെള്ളിത്തിരയില്‍ എട്ടാമത്തെ നായിക, സിനിമയില്‍ ചുവടുറപ്പിച്ച് കാസര്‍കോട് കാസര്‍കോടന്‍ സ്ലാങ്ങിനും ഇവിടത്തെ ഗ്രാമങ്ങള്‍ക്കും മലയാള സിനിമ ഇടംനല്‍കിയതോടെ കൂടുതല്‍ നായികമാര്‍ വെള്ളിത്തിരയിലെത്തുന്നു. ഏറ്റവുമൊടുവില്‍ നായികയായി എത്തിയത് കാഞ്ഞങ്ങാട്ടെ അപര്‍ണ ഹരി. അടുത്തകാലത്തിറങ്ങിയ നായികമാരുടെ പട്ടികയില്‍ എട്ടാമത്തെയാളാണിവര്‍.
രാമനും കദീജയും’ എന്ന സിനിമയില്‍ കദീജയെന്ന നായികാകഥാപത്രമായി വെള്ളിത്തിരയില്‍ കസറിയത് അപര്‍ണയാണ്. നാടോടികളുടെ മകളായി, പഴയ സാധനങ്ങള്‍ പെറുക്കിയെടുക്കുന്ന ചെറുപ്പക്കാരി. ഒപ്പമുള്ള നാടോടിപ്പയ്യന്‍ രാമനുമായുള്ള കദീജയുടെ പ്രണയം അതിമനോഹരമായി അവതരിപ്പിക്കാനും പ്രേക്ഷകമനസ്സിലിടം നേടാനും അപര്‍ണയ്ക്ക് കഴിഞ്ഞു. ഈ സിനിമയില്‍ അഭിനയിച്ച ശേഷം തിയറ്റര്‍ ആര്‍ട്ടിസ്റ്റായി മാറാനും അപര്‍ണയ്ക്ക് കഴിഞ്ഞു.
കാഞ്ഞങ്ങാട് ഗുരുവനത്തെ ‘ചൈത്ര’ത്തില്‍ കെ.ആര്‍.ഹരിയുടെയും എം.ജി.സന്ധ്യയുടെയും മകളാണ്. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ച അപര്‍ണ മംഗളൂരുവില്‍നിന്ന് മീഡിയ ജേണണലിസവും പൂര്‍ത്തിയാക്കി. പ്രമുഖ സംവിധായകരുള്‍പ്പെടെ വിളിക്കുന്നതിന്റെ സന്തോഷവും പങ്കുവെക്കുന്നു അപര്‍ണ.
മഹിമ നമ്പ്യാര്‍, ചിത്ര നായര്‍, അനഘ നാരായണന്‍, വൃന്ദ മേനോന്‍, ശ്രീവിദ്യ മുല്ലച്ചേരി, അപര്‍ണ ജനാര്‍ദനന്‍, വിജിഷ നീലേശ്വരം എന്നിവരാണ് അടുത്തകാലത്ത് മലയാളസിനിമയിലെത്തിയ കാസര്‍കോട്ടെ നായികമാര്‍. കാസര്‍കോട് നായന്മാര്‍മൂല സ്വദേശിനിയായ മഹിമ ആര്‍.ഡി.എക്‌സ് സിനിമയിലെ നായികാകഥാപാത്രത്തോടെയാണ് കൂടുതല്‍ അറിയപ്പെട്ടത്.
‘ന്നാ താന്‍ കേസ് കൊട്’ സിനിമയില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയില്‍ നായികയാകുകയും ചെയ്ത ചിത്രാ നായര്‍ കുന്നുംകൈ സ്വദേശിയാണ്. ഒട്ടേറെ സിനിമകളില്‍ നായികയായ കാഞ്ഞങ്ങാട്ടെ അനഘ നാരായണന്റെ പുതിയ സിനിമ ‘അന്‍പോട് കണ്‍മണി’ അടുത്തമാസം റിലീസിനൊരുങ്ങുന്നു. ഗുണ്ടാജയന്‍ എന്ന സിനിമയില്‍ സൈജു കുറുപ്പിന്റെ നായികയായ കാഞ്ഞങ്ങാട്ടെ വൃന്ദ മേനോന്‍ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിലാണ്.
വെള്ളിത്തിരയില്‍ എട്ടാമത്തെ നായിക, സിനിമയില്‍ ചുവടുറപ്പിച്ച് കാസര്‍കോട്
