പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം – ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6ഇ 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്.
ഒന്നൊര മണിക്കൂറിലേറെ പരിശോധനയ്ക്കു വിധേയമാക്കിയതിനു പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. വേറെ വിമാനം എത്തിച്ച് വൈകിട്ട് ആറിന് ബെംഗളൂരുവിലേക്കു സർവീസ് നടത്തും.
അറ്റകുറ്റ പണി നടക്കുന്നതിനാൽ റൺവേ അടച്ചിട്ടിരിക്കുകയാണ്. വൈകിട്ട് ആറുമണിക്കേ വിമാനം പുറപ്പെടുകയുള്ളൂ. യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വീട്ടിൽപ്പോയി വരാവുന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തു.’’– വിമാനത്താവള അധികൃതർ അറിയിച്ചു.