കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്ലോറിഡ പോലീസ് ഒടുവിൽ ആ കമ്മലുകൾ വീണ്ടെടുത്തു. അപ്പോഴേക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷേ, വിട്ടിട്ടുപോകുന്നതെങ്ങനെ, ആറുകോടി രൂപയിലധികം (7,69,500 ഡോളർ) വിലവരുന്ന കമ്മലുകളല്ലേ കള്ളൻ വിഴുങ്ങിയത്.
ഫെബ്രുവരി 26-നായിരുന്നു സംഭവം. ടിഫാനി ആൻഡ് കന്പനി എന്ന ജുവല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32-കാരനായ ജെയ്തൻ ഗിൽഡർ രണ്ടുജോഡി വജ്രക്കമ്മൽ മോഷ്ടിച്ചു. പോലീസ് പിടികൂടിയെങ്കിലും കള്ളൻ പണിപറ്റിച്ചു, കമ്മലുകളപ്പാടേ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പോലീസ് വലഞ്ഞു; തൊണ്ടിമുതലില്ലാതെ എന്ത് കേസ്.
വയറിനുള്ളിൽ സാധനമുണ്ടെന്ന് എക്സ്-റേയിൽ വ്യക്തമായപ്പോൾ ഗിൽഡറെ ഒർലാൻഡോ ആശുപത്രിയിലാക്കി തൊണ്ടിമുതലിനായി ഉദ്യോഗസ്ഥർ കാത്തിരുന്നു. “എന്റെ വയറ്റിൽ എന്തെങ്കിലും സാധനമുണ്ടെന്നുവെച്ച് കുറ്റംചുമത്തുമോ?” കസ്റ്റഡിയിലിരിക്കേ ഗിൽഡറുടെ സംശയമതായിരുന്നു.
മാർച്ച് 12-ന് പോലീസിന്റെ കാത്തിരിപ്പിന് വിരാമമായി; ഗിൽഡറുടെ ആത്മവിശ്വാസത്തെ തകർത്തുകൊണ്ട് കമ്മലുകൾ പുറത്തെത്തി. മോഷണംപോയ കമ്മലുകൾതന്നെയാണ് അതെന്ന് സീരിയൽ നന്പർ ഒത്തുനോക്കി ജുവല്ലറി അധികൃതർ സ്ഥിരീകരിച്ചു.
ഗിൽഡർ ഇപ്പോൾ ഓറഞ്ച് കൗണ്ടി ജയിലിലാണ്. 2022-ൽ, ടിഫാനി ആൻഡ് കമ്പനിയുടെ ടെക്സസിലെ കടയിൽ ഇയാൾ മോഷണംനടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ കൊളറാഡോയിൽ ഇയാളുടെപേരിൽ 48 വാറന്റുകളുമുണ്ട്